"പറഞ്ഞാൽ പരിഭവമാകും;കരഞ്ഞാൽ തോൽവിയാകും;ചിരിച്ചാൽ പരിഹാസമാകും; മൗനമാണ് ഉത്തമം" ഇന്നത്തെ ചിന്താവിഷയം

ചില സന്ദർഭങ്ങളിൽ നമ്മളൊക്കെ ഒരു വല്ലാത്ത തിക്കുമുട്ടലിൽ പെട്ടു പോകാറുണ്ട്. നമ്മൾ വിശ്വസിക്കുന്നവരെയും സ്നേഹിക്കുന്നവരെയും വിഷമിപ്പിക്കേണ്ട എന്ന് കരുതി വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്ന അനേകം സന്ദർഭങ്ങളെ നമ്മൾ അഭിമുഖീകരിക്കാറുണ്ട്.
മറ്റുള്ളവരുടെ ഭാഗത്തുനിന്നും നമുക്കുണ്ടായ വിഷമങ്ങൾ തുറന്നുപറയാനാകാതെ, ഒന്ന് വിതുമ്പി കരയാൻ ആകാതെ നമ്മൾ പ്രതിസന്ധിയിൽ ആകുന്നത് നമ്മൾ അത് തുറന്നു പറഞ്ഞാൽ അവർക്ക് പരിഭവം ആകുമോ എന്നോർത്തല്ലേ.
ഇനി നമുക്കുണ്ടായ വിഷമങ്ങൾ തുറന്നുപറയാൻ പറ്റാതെ മറ്റുള്ളവരുടെ മുന്നിൽ വിതുമ്പിയാൽ, അത് നമ്മുടെ പരാജയം ആണെന്ന് വ്യാഖ്യാനിക്കില്ലേ എന്നോർത്ത് ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥകളിൽ നമ്മൾ പെട്ടുപോയിട്ടില്ലേ.
മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളിൽ, അത് മിക്കപ്പോഴും അവരുടെ തെറ്റിദ്ധാരണകൾ മൂലം ഉണ്ടായത് ആണെങ്കിൽ പോലും, അത് കേട്ടിട്ട് ഒന്ന് ചിരിച്ചാൽ അത് അവരെ പരിഹസിക്കുകയാണ് എന്ന് അവർ ചിന്തിച്ചാലോ എന്ന് വിചാരിച്ച് ഒന്ന് പൊട്ടിച്ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥകളിലും നമ്മൾ അകപ്പെട്ട് പോയിട്ടുണ്ടല്ലോ.
ഇത്തരം സന്ദർഭങ്ങളെ അതിജീവിക്കാൻ സങ്കടം മറച്ചിട്ടാണെങ്കിലും മൗനം പാലിക്കുന്നതാണ് നല്ലത്.
സുഭാഷ് ടിആർ