"സന്തോഷകരമായ ജീവിതം നയിക്കാൻ വളരെ കുറച്ച് മാത്രമേ ആവശ്യമുള്ളൂ; ഇതെല്ലാം നമ്മുടെ ഉള്ളിലുള്ള ചിന്താരീതിയിലാണ്"ഇന്നത്തെ ചിന്താവിഷയം

കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവർ ധാരാളമുണ്ട്. വലിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നവർ അനേകമുണ്ട്. ഇതെല്ലാം നമ്മുടെ ഉള്ളിലുള്ള ചിന്താധാരകൾക്ക് വിധേയമാണ് എന്നുള്ളതാണ് സത്യം. വലിയ കാര്യങ്ങളുടെ പുറകെ പോയി സന്തോഷം കണ്ടെത്തുന്നതിന് ധാരാളം വെല്ലുവിളികൾ ഉണ്ടാവും.
ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള യാത്ര വളരെ ദുർഘടവുമാണ്. എന്നാൽ ആ ദുർഘടം നിറഞ്ഞ യാത്രകളിൽ ആനന്ദം കണ്ടെത്തുന്നവരുണ്ട്. അവരുടെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമ്പോൾ അവർക്കും ഉണ്ടാവും അതിരുകളില്ലാത്ത സന്തോഷം. എന്നാൽ ഈ വലിയ ലോകത്തുള്ള ചെറിയ മനുഷ്യരുണ്ട്.
കൊച്ചു കൊച്ചു സ്വപ്നങ്ങളും ചെറിയ ചെറിയ ആഗ്രഹങ്ങളുമായി ജീവിക്കുന്ന കോടാനുകോടി മനുഷ്യർ. ഈ ലോകത്തെ ചലനാത്മകമാക്കുന്നത് ഇവരാണ് എന്ന് തോന്നാറില്ലേ. ചെറിയ കാര്യങ്ങളിൽ എപ്പോഴും സന്തോഷിക്കുകയും സമാധാനം കണ്ടെത്തുകയും ചെയ്യുന്നവർ ഇക്കൂട്ടരല്ലേ.
നമ്മുടെ ചുറ്റുപാടും നോക്കിയാൽ നമുക്ക് ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ജീവിതം പഠിപ്പിക്കുന്നത് ഇവരാണ്. നമ്മുടെ ചിന്താധാരകൾക്ക് വിധേയമാണ് നമ്മുടെ മുന്നോട്ടുള്ള യാത്രകൾ എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നത് ഇവരാണ്.
അപ്രതീക്ഷിതമായി ജീവിതത്തിൽ ഉണ്ടാകുന്ന നല്ലതിനായുള്ള മാറ്റങ്ങൾ സന്തോഷത്തിലേക്ക് വഴി തെളിക്കുന്നത് നമ്മുടെ ഉള്ളിലെ വിചാര വികാരങ്ങളുടെ തോത് അനുസരിച്ചായിരിക്കും എന്നോർക്കുക.
"എന്റെ ചിന്തകൾ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികൾ എന്റേത് പോലെയുമല്ല"
(ഏശയ്യാ 55:8)
സുഭാഷ് ടിആർ