"പശ്ചാത്താപത്തേക്കാൾ എപ്പോഴും നല്ലത് വെല്ലുവിളികൾ ഏറ്റെടുക്കുന്നതാണ്" ഇന്നത്തെ ചിന്താവിഷയം
ഒരാളുടെ ജീവിതത്തിൽ, അയാളെടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും അയാളുടെ ജീവിതത്തിലെ വിജയവും പരാജയവും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുമ്പിൽ പകച്ചു നിൽക്കാതെ രണ്ടും കൽപ്പിച്ച് തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന ഒത്തിരി സന്ദർഭങ്ങൾ ഉണ്ടാകുമല്ലോ. പലരും ഈ സന്ദർഭത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കാറുണ്ട്.
കാരണം, എപ്പോഴും സുരക്ഷിതമായി ഒരു സ്ഥാനത്ത് ഇരിക്കാൻ ആർക്കും സാധിക്കുകയില്ല എന്ന തിരിച്ചറിവ് ഉണ്ടായതു കൊണ്ടായിരിക്കാം. നാളെകൾ, വിജയമാണെങ്കിലും പരാജയമാണെങ്കിലും പേടിക്കാതെ പരിഭ്രമിക്കാതെ മുന്നോട്ട് തന്നെ പോവുക. പരാജയമാണ് സംഭവിക്കുന്നതെങ്കിലും മനസ്താപപ്പെടേണ്ട ആവശ്യമില്ല. ഒന്നും ചെയ്യാൻ കഴിയാതെ പോയല്ലോ എന്നോർത്ത് വിഷമിക്കുന്നതിനേക്കാൾ ഭേദമല്ലേ അത്.
പരിശ്രമിക്കാതിരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ പരാജയം. ഒരു വെല്ലുവിളി ഏറ്റെടുത്ത് അത് വിജയിച്ച് കഴിഞ്ഞാൽ അതിൽപരം സന്തോഷം എന്താണുള്ളത്. പരാജയമാണ് സംഭവിക്കുന്നതെങ്കിൽ അതിൽ നിന്നും പഠിക്കുക. അത് നാളെകളിൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ നമ്മളെ സഹായിക്കും. മുന്നിലെത്തുന്ന അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കുക. കാരണം നാളെ അത്തരം അവസരം ഒരിക്കലും തിരിച്ചു വരികയില്ല. അവസരങ്ങൾ നിഷ്കരുണം തള്ളിക്കളഞ്ഞാൽ, പിന്നീട് പശ്ചാത്താപം നമ്മളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും. അതുകൊണ്ട് സധൈര്യം വെല്ലുവിളികളെ നേരിട്ട് ജീവിതം മനോഹരമാക്കൂ.
സുഭാഷ് ടിആർ