"ഇത്രയും കാലം മാത്രമേ മഴ പെയ്യാൻ കഴിയൂ. കൊടുങ്കാറ്റ് കടന്നുപോകും, മേഘങ്ങൾ മാറും, നിങ്ങൾക്ക് വീണ്ടും സൂര്യപ്രകാശം കാണാൻ കഴിയും" ഇന്നത്തെ ചിന്താവിഷയം

ചിന്താ വിഷയത്തിന് ഇന്ന് തെരഞ്ഞെടുത്ത ഈ ഉദ്ധരണി വായിക്കുമ്പോൾ ഇത് എനിക്കറിയാവുന്നതാണല്ലോ, ഇതിനിവിടെ എന്താണ് പ്രസക്തി എന്നൊക്കെ ചോദ്യം വരാം. ഇതിനോട് ചേർത്ത് പറയാവുന്ന ഒത്തിരി കാര്യങ്ങൾ നമ്മൾ കേട്ടിട്ടുമുണ്ട്.
ഒരു രാത്രിയും പുലരാതിരുന്നിട്ടില്ല, ഒരു പകലും അസ്തമിക്കാതിരുന്നിട്ടില്ല, ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ട്, ഒരു കയറ്റത്തിന് ഒരിറക്കം ഉണ്ട് എന്നൊക്കെ നമ്മുടെ നാട്ടിൽ ആളുകൾ സംസാരിക്കാറുണ്ടല്ലോ. ഇതൊക്കെ ജീവിതത്തെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും ആണ്.
അല്ലെങ്കിൽ ഒരു സങ്കടം ഉണ്ടായാൽ പരസ്പരം ആശ്വസിപ്പിക്കുന്നതും ഇതുപോലുള്ള വാക്കുകളിലൂടെയാണ്. മനുഷ്യ ജീവിതം പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പൂന്തോട്ടമാണ്.
ജീവിതത്തെ കുറിച്ചുള്ള സുന്ദരമായ സ്വപ്നങ്ങളും പ്രതീക്ഷകളും നട്ടു നനച്ച്, നാമ്പിടുന്നതും തളിരിടുന്നതും വളരുന്നതും നോക്കി വസന്തകാലത്തെ വരവേൽക്കാൻ മനുഷ്യ മനസ്സ് കൊതിക്കാറില്ലേ. ആളുകൾ അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നേടിയെടുക്കാൻ അക്ഷീണം പരിശ്രമിയ്ക്കാറുണ്ടല്ലോ. എല്ലാവർക്കും പ്രതീക്ഷകൾ നേടിയെടുക്കാൻ സാധിക്കാറില്ല എന്നത് സത്യമാണ്.
എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ പരാജയങ്ങളും തിരിച്ചടികളും നേരിടുന്നവർ ധാരാളമുണ്ട്. എന്നാൽ എന്നും തന്നെ തിരിച്ചടികളും പരാജയങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട.
മനുഷ്യരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മേലെ കൊടുങ്കാറ്റ് അടിക്കുകയും കാർമേഘങ്ങൾ മൂടുകയും പെരുമഴ പെയ്യുകയും ചെയ്താലും അതെല്ലാം താൽക്കാലികമാണ് എന്ന് വിശ്വസിക്കണം. ഇതെല്ലാം കുറച്ചു നാളത്തേക്ക് നമ്മളെ അസ്വസ്ഥപ്പെടുത്തിയാലും ജീവിതത്തിൻ്റെ വസന്തകാലം നിങ്ങളെ കാത്തിരിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുക.
സുഭാഷ് ടിആർ