ഭൂതകാലത്തിന്റെ നിഴലുകളിൽ തളച്ചിടപ്പെടാതെ, നാളെയുടെ ആശങ്കകൾ മാറ്റിവെച്ച് ഇന്നുകളിൽ ജീവിച്ചു തുടങ്ങാം. ഇന്നത്തെ ചിന്താവിഷയം
"ഭൂതകാലം നിഴലുകളിലേക്ക് മറയുന്നു, നമുക്ക് വിലപ്പെട്ട പാഠങ്ങൾ നൽകിക്കൊണ്ട്; ഭാവി നമ്മുടെ മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നു, നിറവേറ്റപ്പെടാനിരിക്കുന്ന ഒരു വാഗ്ദാനമായി; എന്നാൽ വർത്തമാനകാലം നമ്മുടെ മുന്നിൽ തുറക്കപ്പെടുന്നത് ഒരു സമ്മാനമായാണ്, അതിനെ പൂർണ്ണമായി നെഞ്ചിലേറ്റാൻ മാത്രം ആവശ്യപ്പെട്ടുകൊണ്ട്."
ജീവിത യഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നത് അനുഭവങ്ങളിലൂടെ ആണ്. ജീവിച്ച് തീർത്ത വർഷങ്ങളെ ഓർത്തും, നാളെകളെ ഓർത്തുമാണ് മനുഷ്യർ ഏറ്റവും കൂടുതൽ ആശങ്കപ്പെടാറുള്ളത്. ഇന്നലെകൾ കഴിഞ്ഞു പോയി എന്നും, നാളെകൾ വരുന്നതല്ലേ ഉള്ളൂ എന്നും ചിന്തിച്ചാൽ ആകുലതകൾ ഇല്ലാതാവും. ഭൂതകാലത്തെയും ഭാവികാലത്തെയും മനസ്സിലിട്ടു വളർത്തി എടുക്കാൻ പറ്റാത്ത മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുമ്പോൾ ഇന്നുകൾ, അല്ലെങ്കിൽ വർത്തമാനകാലം വാടി കൊഴിയും. ചുരുക്കി പറഞ്ഞാൽ വർത്തമാനകാലം വേണ്ടത്ര രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാതെ ജീവിതം മുരടിച്ചു പോകും.
ഇന്നലെകൾ കൊഴിഞ്ഞുപോയ ഓർമ്മകൾ മാത്രമാകുമ്പോൾ, അവിടേക്ക് നോക്കി വ്യസനിക്കുന്നത് വ്യർത്ഥമല്ലേ. ഇന്നലെകളെ മറക്കണമെന്നല്ല, ഇന്നലെകളിൽ നിന്ന് പഠിക്കേണ്ടത് പഠിക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ വിജയിക്കാം. ഇന്നലകളിലെ പാളിച്ചകളും, തോൽവികളും ഇന്നത്തെയും നാളെകളിലെയും വിജയത്തിനുള്ള ചവിട്ടുപടിയാക്കാം. ഭൂതകാലത്തിൽ കുടുങ്ങി കിടന്ന ആരും തന്നെ വളർന്ന ചരിത്രമില്ല.
നാളെകൾ പ്രത്യാശയുടേതാണ്. പ്രതീക്ഷകൾ ഇല്ലാത്ത ജീവിതം, അത് എങ്ങനെ എങ്കിലും ഒക്കെ കാലം പൂർത്തിയായി അവസാനിക്കും. ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് യാതൊരു അടയാളങ്ങളും ബാക്കി വെയ്ക്കാതെ മൃഗങ്ങളെ പോലെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോകും. മനുഷ്യന് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. അതേസമയം ആ ലക്ഷ്യങ്ങൾ നിറവേറ്റാൻ നാളെകളെ കുറിച്ചുള്ള ആശങ്കകൾ പരിധിവിട്ടാൽ വർത്തമാനകാലം ആഹ്ലാദകരമായിരിക്കുകയില്ല. ദൈവം നൽകിയ സമ്മാനമായ
ഇന്നത്തെ ദിവസത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രവർത്തിക്കാം. നമ്മുടെ കൈവശമുള്ളത് ഇപ്പോഴുള്ള ഈ നിമിഷങ്ങൾ മാത്രമാണല്ലോ. വർത്തമാനകാലത്തെ നിയന്ത്രിച്ച്, ഇന്നുകളിൽ സന്തോഷം കണ്ടെത്തി ലക്ഷ്യങ്ങളിൽ എത്താനുള്ള വഴികൾ കണ്ടുപിടിക്കുക.
സുഭാഷ് ടിആർ