എല്ലാ മനുഷ്യരുടെയും മനസ്സിൽ ദിവസവും പോസിറ്റീവും നെഗറ്റീവും എന്ന രണ്ട് കാളക്കുറ്റൻമാർ തമ്മിൽ ഏറ്റുമുട്ടാറുണ്ട്. ഈ യുദ്ധത്തിൽ ജയിക്കുന്നത് ആരാണ് എന്ന് നിങ്ങൾക്കറിയാമോ? ഇന്നത്തെ ചിന്താവിഷയം

മനുഷ്യൻ്റെ മനസ്സ് എന്താണ് എന്ന് ചോദിച്ചാൽ എന്തായിരിക്കും മറുപടി. പുകയുന്ന അഗ്നിപർവ്വതമാണ്, അലറുന്ന കടലാണ്, മരുഭൂമിയാണ്, തീച്ചൂളയാണ് എന്നൊക്കെ ആയിരിക്കും ഒട്ടുമിക്കവരും പറയാൻ പോകുന്നത്.
അല്ലെങ്കിൽ ഇതിലപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അതായിരിക്കും പറയുന്നത്. തെളിനീരൊഴുകുന്ന അരുവി പോലെയാണെന്നോ, പുലർകാലത്തെ കുഞ്ഞുകാറ്റു പോലെയാണെന്നോ, മുല്ലപ്പൂമണം പരന്നൊഴുകുന്ന പൂനിലാവിന്റെ കുളിരുപോലെയെന്നോ ഒന്നും മനസ്സിനെക്കുറിച്ച് ആരും പറയാൻ സാദ്ധ്യതയില്ല. ഒന്നല്ലെങ്കിൽ മറ്റൊന്നായി മനുഷ്യൻ്റെ മനസ്സിനെ മഥിക്കുന്ന അനേകമനേകം വിഷയങ്ങൾ എന്നുമുണ്ടാവും.
ഇതും പോരാഞ്ഞിട്ടാണ് മനസ്സിൽ രണ്ട് കാളക്കൂറ്റൻമാരെ പുല്ലും വെള്ളവും ഒക്കെ കൊടുത്ത് വളർത്തുന്നത്. ഈ രണ്ട് കാളകളും വളരുംതോറും നമ്മുടെ മനസ്സിലെ സംഘർഷങ്ങളും ആകുലതകളും വളരുകയാണ്. ഇതിലൊന്നിനെ പോസിറ്റീവ് എന്നും മറ്റേതിനെ നെഗറ്റീവ് എന്നും നമുക്ക് പേരിട്ടു വിളിക്കാം.
മനസ്സിലെ ശുഭചിന്തകളെ എപ്പോഴും വേട്ടയാടുന്നത് അശുഭ ചിന്തകളാണ്. അല്ലെങ്കിൽ മനസ്സ് എന്ന പടനിലത്ത് യുദ്ധം ചെയ്യുന്നത് ശുഭചിന്തകളും അശുഭ ചിന്തകളും തമ്മിലാണ്. മിക്കപ്പോഴും അശുഭ ചിന്തകൾക്കാണ് മേൽക്കോയ്മ ഉണ്ടാവുക. മിക്ക മനുഷ്യരും അശുഭ ചിന്തകൾക്കാണ് അടിമയാകുന്നത് എന്ന് തോന്നുന്നു. ജീവിത സാഹചര്യങ്ങൾ ആയിരിക്കാം ഒരുപക്ഷേ അവരെ അങ്ങനെ ചിന്തിപ്പിക്കുന്നത്.
മനസ്സിലെ രണ്ടു ചിന്തകളെയും നമ്മൾ തന്നെയാണ് പോറ്റി വളർത്തുന്നത്. ഇതിൽ ഏറ്റവും അധികം പ്രോത്സാഹനം കൊടുക്കുന്നവയ്ക്ക് ആയിരിക്കും വിജയം ഉണ്ടാവുക. ആരെയാണോ മനസ്സിൽ അധികം താലോലിക്കുന്നത് അതിനായിരിക്കും എന്നും വിജയം ഉണ്ടാവുക. കഴിയുന്നതും അശുഭ ചിന്തകൾ നമ്മുടെ മനസ്സിലേക്ക് കടന്നു വരാൻ അനുവദിക്കാതിരിക്കുക.
ശുഭചിന്തകൾ മനസ്സിൽ എന്നും ഉണ്ടാകുവാനും നിലനിൽക്കുവാനും ഈശ്വര വിശ്വാസം ഉണ്ടാവുന്നതാണ് നല്ലത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ കുഞ്ഞുങ്ങളിൽ ദൈവവിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അവരവർ വിശ്വസിക്കുന്ന ഏത് ദൈവത്തിലും വിശ്വസിക്കാം.
അത് കുഞ്ഞുങ്ങളിൽ ആത്മവിശ്വാസം ഉണ്ടാകുവാനും ജീവിതത്തിൽ വലിയ വിജയം ഉണ്ടാകുവാനും അവരെ സഹായിക്കും. മാത്രമല്ല കുടുംബത്തിലും സമൂഹത്തിലും വലിയ രീതിയിലുള്ള നല്ലതിലേക്കുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ അവർക്ക് കഴിയുകയും ചെയ്യും.