"നിങ്ങളുടെ ചിന്തകൾ നല്ലതാണെങ്കിൽ അവ സൂര്യരശ്മികൾ പോലെ നിങ്ങളുടെ മുഖത്ത് പ്രകാശിക്കും.  നിങ്ങൾ എപ്പോഴും അഴകുള്ളവരായി കാണപ്പെടും"ഇന്നത്തെ ചിന്താവിഷയം 

 

 
man

മുഖം മനസ്സിൻ്റെ കണ്ണാടിയാണ് എന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. നമ്മുടെ ചിന്തകളുടെയും വിചാരങ്ങളുടെയും ബഹിർസ്ഫുരണമാണ് നമ്മുടെ മുഖത്ത് തെളിയുന്നത് എന്ന് അറിയാമല്ലോ.

ചില ആളുകൾ എപ്പോഴും മറ്റുള്ളവരെ ആകർഷിക്കുന്നത് അവരുടെ മുഖപ്രസാദം കൊണ്ടാണ്. എപ്പോഴും ചിരി വിരിയുന്ന, സംസാരിക്കുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി നമ്മുടെ മുന്നിൽ നിൽക്കുന്നവരോട് നമ്മൾക്ക് എന്തെന്നില്ലാത്ത അടുപ്പവും സ്നേഹവും തോന്നുന്നത് സ്വാഭാവികമാണല്ലോ.

മറ്റുള്ളവരിലെ നന്മ കാണുന്ന, അന്യരുടെ വിജയത്തിൽ സന്തോഷിക്കുന്ന, മറ്റുള്ളവരുടെ പരാജയത്തിൽ സങ്കടത്തിൽ പങ്കുചേരുന്നവരാണ് ഇവർ. സ്വാർത്ഥ താൽപര്യം ഇവർക്കുണ്ടാവുകയില്ല. എന്നാൽ ഇത്തരക്കാർ മറ്റുള്ളവരുടെ ചതിയിൽ പെട്ടെന്നുതന്നെ വീഴാനും സാധ്യതയുണ്ട്. മനസ്സിൽ നല്ല ചിന്തകൾ ഉണ്ടാകാൻ ദൈവ വിശ്വാസം ഉണ്ടായാൽ മതി.

ഇന്നത്തെ കാലത്ത് ദൈവത്തെയും ആത്മീയ ചിന്തകളെയും ഇല്ലാതാക്കാനും തകർക്കാനും ആണ് ആളുകൾ കൂടുതൽ താല്പര്യം കാണിക്കുന്നത്. പുതിയ തലമുറകളെ വഴിതെറ്റിക്കാൻ ഇത്തരം ആളുകൾ നിരീശ്വരവാദികളാകും.

ആത്മീയ അടിത്തറയിൽ പണിതുയർത്തി, പരസ്പര സ്നേഹത്തോടും സഹവർത്തിത്വത്തോടും കൂടി ജീവിച്ചിരുന്ന ജനങ്ങളെ സ്ഥാപിത താല്പര്യങ്ങൾക്ക് വിധേയമാക്കിയപ്പോൾ ജനങ്ങളുടെ മനസ്സമാധാനം തന്നെ നഷ്ടപ്പെട്ടു.    ചെറുപ്പത്തിലേ തന്നെ കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുത്ത് , നേർവഴിക്ക് നടത്താൻ അല്ല ഇത്തരം ആളുകൾ ശ്രമിക്കുന്നത്.  

അതിൻ്റെ ഫലമാണ് ഇന്ന് നമ്മുടെ രാജ്യവും സമൂഹവും അനുഭവിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക സമയം ചിലവഴിക്കുകയും, സാമൂഹ്യ മാധ്യമങ്ങളിലെ പണ്ഡിതന്മാർ പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കുന്ന ഒരു തലമുറയാണ് ഇന്ന് വളർന്ന് വരുന്നത്. ആരെയും ബഹുമാനമില്ലാത്ത, ആരെയും ഭയമില്ലാത്ത ഒരു സമൂഹത്തെ കെട്ടിപ്പെടുത്തി ഇവരെ  കുടുംബത്തിനും സമൂഹത്തിനും നിത്യ ശല്യമാക്കി മാറ്റുകയാണ്. പറഞ്ഞുവരുന്നത്, ഇത്തരം ഊരാക്കുടുകളിൽ പെട്ട ആളുകൾക്ക് മറ്റുള്ളവരോടും സമൂഹത്തോടും എന്നും വെറുപ്പാണ്.

ഇവരുടെ മനസ്സിൽ എല്ലാവരോടും വിദ്വേഷവും നിറഞ്ഞിരിക്കും. തെറ്റായ ചിന്തകളിൽ ഇവരുടെ മനസ്സ് വ്യാപിക്കുന്നത് ഇവരുടെ മുഖത്ത് നിന്നു തന്നെ വായിച്ചെടുക്കാൻ പറ്റും. യാതൊരു മുഖപ്രസാദവും ഇല്ലാത്ത മുഖത്ത് എപ്പോഴും ദേഷ്യഭാവം ആയിരിക്കും കാണുന്നത്. മനസ്സിനെ സൽ ചിന്തകളാൽ നിറച്ച്, ദൈവ തേജസ്സ് ഹൃദയത്തിൽ നിറയ്ക്കാം.

അത് നിങ്ങളുടെ മുഖത്ത് ആയിരം സൂര്യൻമാരുടെ പ്രകാശത്താൽ ശോഭിക്കും. പൂർണ്ണചന്ദ്രന്റെ നിറവോടെ നിങ്ങളുടെ മുഖം പ്രകാശിക്കട്ടെ. ആളുകൾ ആ കുളിർ നിലാവിൽ സന്തോഷിക്കട്ടെ. 

" മകനേ..! പാപികളുടെ പ്രലോഭനത്തിന് വഴങ്ങരുത്"
(സദൃശവാക്യങ്ങൾ: 1;10)

സുഭാഷ് ടിആർ

Tags

Share this story

From Around the Web