"സന്തോഷം എന്തിൽ അടങ്ങിയിരിക്കുന്നു എന്ന് അന്വേഷിച്ചുകൊണ്ടിരുന്നാൽ നിങ്ങൾക്ക് ഒരിക്കലും സന്തോഷമുണ്ടാകില്ല" ഇന്നത്തെ ചിന്താവിഷയം
ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടോ.? നമ്മുടെ ചിന്തകളും പ്രവർത്തികളും ആണ് നമുക്ക് സന്തോഷവും സമാധാനവും കൊണ്ടുവരുന്നത് എന്നറിയാമല്ലോ. കൂടാതെ, നമ്മുടെ ചുറ്റുമുള്ള ആളുകളും പരിസ്ഥിതിയും അനുകൂലമായാലും നമുക്കും മറ്റുള്ളവർക്കും സന്തോഷം പ്രദാനം ചെയ്യും.
എന്തിലാണ് സന്തോഷം അടങ്ങിയിരിക്കുന്നത് എന്ന് അന്വേഷിച്ചു നടക്കുന്ന ആളുകളെ നമ്മൾക്കറിയാം. അതു കൂടുതലും വിദേശികളാണ്. നമ്മുടെ രാജ്യത്തുള്ള ആളുകളും ഇത്തരം അന്വേഷണങ്ങളുടെ പുറകിലാണ്.
അത് മറ്റുള്ളവരെ അനുകരിക്കുന്നതാണ് എന്ന് പറയാതിരിക്കാൻ പറ്റത്തില്ല. ഓരോന്നിലും സന്തോഷം അന്വേഷിച്ച് നടക്കുന്നവർ പരാജിതരാവുകയേ ഉള്ളൂ. അതുപോലെയാണ് ജീവിതത്തിൻ്റെ അർത്ഥം അന്വേഷിക്കുന്നവർക്കും ഉണ്ടാവുന്നത്.
കൂടുതലൊന്നും ആലോചിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർക്ക് ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ച് അന്വേഷിക്കാൻ നേരവുമില്ല. അവർക്ക് അവരുടെ ജോലി, അവരുടെ വീട്, അവരുടെ കുടുംബം എന്ന് അല്ലാതെ മറ്റൊരു ചിന്തയും ഉണ്ടാവത്തില്ല. ഒരു മനുഷ്യായുസ്സിനിടയ്ക്ക് സന്തോഷവും സുഖവും സമാധാനവും ദുഃഖവും കഷ്ടപ്പാടും മനുഷ്യർ അനുഭവിക്കാറുണ്ട്.
എന്നാൽ ഇതിലൊന്നും മനസ്സിനെ ഉറപ്പിച്ചു നിർത്താതെ, ഓരോരുത്തരും അവനവനാൽ കഴിയുന്ന തൊഴിൽ ചെയ്തു ജീവിതം മുന്നോട്ടു നയിക്കുന്നതാണ് അഭികാമ്യം.
കൂടുതൽ ചിന്തിച്ചാൽ ജീവിതത്തിൽ ഒരു അടി മുന്നോട്ട് വെക്കാൻ സാധിക്കുകയില്ല. ആത്മവിശ്വാസത്തോടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ വെല്ലുവിളികളും നേരിട്ട് മുന്നോട്ടു പോയാൽ അവിടെ സന്തോഷവും സമാധാനവും ജീവിതത്തിൻ്റെ അർത്ഥവും മനസ്സിലാകും.
സുഭാഷ് ടിആർ