"നിങ്ങൾ യാത്ര നിർത്തുന്നില്ലെങ്കിൽ എത്ര പതുക്കെ പോയാലും പ്രശ്നമില്ല" ഇന്നത്തെ ചിന്താവിഷയം
ജീവിതം ഒരു യാത്രയാണ്. നീണ്ട യാത്രയാണോ ഹ്രസ്വമായ യാത്രയാണോ എന്ന് തീരുമാനിക്കേണ്ടത് അവനവൻ തന്നെയാണ്. യാത്ര സുഖകരമാകുമോ, കഷ്ടപ്പാടുകൾ നിറഞ്ഞതാകുമോ എന്ന് അറിയുന്നത് യാത്ര തുടങ്ങിയതിനുശേഷം മാത്രമാണല്ലോ തിരിച്ചറിയുന്നത്.
യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാവർക്കും വിവിധ ലക്ഷ്യങ്ങൾ ഉണ്ടാവും. സഞ്ചരിക്കാൻ നല്ല വഴികൾ ഉണ്ടാവാം ഇല്ലാതിരിക്കാം. എതിർ ദിശയിൽ നിന്നും ദുർഘടങ്ങൾ പ്രതീക്ഷിക്കാം.
അപ്രതീക്ഷിതമായി കാലിടറി വീഴും. താങ്ങാനായി ശക്തമായ കരങ്ങൾ ഭാഗ്യമുണ്ടെങ്കിൽ തുണയാകും. തീജ്വാലകൾ വമിക്കുന്ന നാവുകളെയും, ദുർഭാഷണം നടത്തുന്ന അധരങ്ങളെയും ഭയപ്പെടണം. ചതിയും വഞ്ചനയും ഒളിച്ചിരിക്കുന്ന കുറ്റിക്കാടുകൾ കടന്നു പോകാൻ ആത്മവിശ്വാസം കൈവിടാതിരിക്കുക.
അഹംഭാവികളും അഹങ്കാരികളുമായ മനുഷ്യർ ഗർവ്വോടെ സംസാരിക്കുന്നത് കേൾക്കാൻ സമയം മെനക്കെടുത്തരുത്. ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ യാത്ര മെല്ലെ ആണെങ്കിലും അഭംഗുരം തുടരുക തന്നെ വേണം. ഇവിടെ വേഗത്തിൽ കാര്യമില്ല എന്നല്ല പറയുന്നത്.
"പയ്യെ തിന്നാൽ പനയും തിന്നാം" എന്ന പഴഞ്ചൊല്ല് ഇടയ്ക്കിടെ ഓർക്കാം. വേഗത്തിൽ പോയി എവിടെയെങ്കിലും പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നാൽ അതിലും വലിയ ദുഃഖം ഉണ്ടാവത്തില്ല. ലക്ഷ്യത്തിലെത്താൻ പതുക്കെ പോയാലും മതി. പക്ഷേ നിങ്ങളുടെ സഞ്ചാരം അഭംഗുരം തുടരണം.
സുഭാഷ് ടിആർ