"നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് മാറ്റുക. മാറ്റാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ മനോഭാവം മാറ്റുക" ഇന്നത്തെ ചിന്താവിഷയം
ഓരോ വ്യക്തി ജീവിതവും അവരുടേത് മാത്രമാണ് എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. ഈ ആശയത്തോട് വിയോജിപ്പുള്ളവർ ഉണ്ടാകാം. എത്രയെത്ര വേഷപ്പകർച്ചകളിലൂടെയാണ് ആണ് ഒരാൾ, ഒരു വ്യക്തി തൻ്റെ ജീവിത കാലത്ത് കടന്നുപോകുന്നത് എന്ന് ഓർത്തു നോക്കൂ.
ജീവിതത്തിൽ സഞ്ചരിക്കുന്ന, ചിലവിടുന്ന ഓരോ വഴികളിലും, നിമിഷങ്ങളിലും നമുക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ഒക്കെ കണ്ടേക്കാ. നമുക്ക് ഇഷ്ടമുള്ളത് മാത്രം എപ്പോഴും ഉണ്ടാകണമെന്നും, സംഭവിക്കണമെന്നും ഇല്ലല്ലോ. സാമൂഹ്യജീവിയായ മനുഷ്യന് പല മേഖലകളിലും പലതരത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണ്.
ഇത്തരം അവസരങ്ങളിൽ ഒരു വ്യക്തിക്ക് പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. നമുക്ക് മാറ്റാൻ കഴിയുന്നതാണെങ്കിൽ നമുക്ക് തന്നെ മാറ്റാൻ സാധിക്കും. ആ സന്ദർഭം, ആ സാഹചര്യം മാറ്റിയാൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവുമെങ്കിൽ അതിനെ മാറ്റുക.
അത്തരം മാറ്റങ്ങൾ വരുത്തുമ്പോൾ, അത് മറ്റുള്ളവർക്ക് ദോഷമുണ്ടാകുന്നത് അല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാനായി പലരും അക്കാര്യം മറക്കുകയാണ് പതിവ്.
തൻ്റെ കാര്യങ്ങൾ സുരക്ഷിതമാക്കാൻ, തനിക്ക് സമാധാനവും സന്തോഷവും ഉണ്ടാകാൻ മറ്റുള്ളവർക്ക് അത് അഹിതമാകും എന്ന് തിരിച്ചറിഞ്ഞിട്ടും അത്തരം തിരുത്തലുകൾ ചെയ്യുന്നവരാണ് ഇന്നത്തെ സമൂഹത്തിൽ കൂടുതൽ പേരും.
അത് ഇന്നത് ഇന്നത് എന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ല. നമ്മുടെ ചുറ്റും ദൈനംദിനം സംഭവിക്കുന്ന കാര്യങ്ങളെ, വസ്തുതകളെ, യാഥാർത്ഥ്യങ്ങളെ നോക്കിയാൽ മതി. ഇനി ഒരാൾക്ക് ഇഷ്ടപ്പെടാത്തത് മാറ്റാൻ കഴിയുന്നില്ലെങ്കിൽ എന്ത് ചെയ്യണം.
അയാളെ കൊണ്ട് അത് ആവത് ഇല്ലാതെ വരുമ്പോൾ, അത്തരം കാര്യങ്ങളിൽ ചൂഴ്ന്നു കിടന്ന് വിഷമിക്കാതിരിക്കാൻ, നിരാശപ്പെടാതിരിക്കാൻ നമ്മുടെ തന്നെ മനോഭാവം മാറ്റുക. അത് നമുക്ക് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും ഉണ്ടാക്കും എന്നതിന് സംശയവുമില്ല.
സുഭാഷ് ടിആർ