"നിങ്ങൾ പരിപൂർണ്ണമായും വിശ്വസിക്കുന്ന ഒരു കാര്യത്തിനായി വിട്ടുകൊടുക്കാതെ ശ്രമിച്ചാൽ, അതിലേക്കുള്ള വഴി നിങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും" ഇന്നത്തെ ചിന്താവിഷയം
ലക്ഷ്യബോധം ആണല്ലോ മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. ഓരോരുത്തർക്കും അവരുടേതായ ജീവിത ലക്ഷ്യങ്ങളും ഉണ്ട്. ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി വളരെയധികം കഷ്ടപ്പാടുകളും ദുഃഖങ്ങളും എല്ലാം അനുഭവിക്കേണ്ടതായി വരാറുണ്ട്. എന്നാൽ ഇവയൊക്കെ നമ്മുടെ മുന്നിൽ നിഷ്പ്രഭം ആകുന്നത് ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്.
ആത്മബലം ഒന്നു കൊണ്ട് മാത്രമാണ്. പുറത്തുനിൽക്കുന്ന ആളുകൾ വിമർശിച്ചേക്കാം, ശപിച്ചേക്കാം, ശകാരിച്ചേക്കാം. അത് പൊതുജനത്തിന്റെ സ്വഭാവമാണ് എന്ന് കരുതിയാൽ ഒരു പ്രശ്നവുമില്ല. പ്രതിസന്ധികൾ മുന്നിലുണ്ടാകും എന്ന് എപ്പോഴും വിചാരിക്കുക. തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതുക. അപ്പോൾ എന്ത് തടസ്സം ഉണ്ടായാലും പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും അത് നിരാശപ്പെടുത്തുകയില്ല.
ഡ്രൈവിംഗ് പരിശീലിപ്പിക്കുന്ന അദ്ധ്യാപകർ പറയാറില്ലേ, "ഓരോ വളവുകളിലും, ഓരോ കവലകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട് എന്ന് ഓർത്ത് കൊണ്ട് വേണം വാഹനം ഓടിക്കുവാൻ." അത്തരം ഒരു മുന്നറിയിപ്പ് തരാൻ നമ്മുടെ കൂടെ ജീവിതത്തിൽ ആരും തന്നെ ഉണ്ടാവുകയില്ല എങ്കിലും, സ്വയം വിശ്വസിക്കണം.
മുന്നോട്ടുള്ള പ്രയാണത്തിൽ, ജീവിതലക്ഷ്യം നേടാനുള്ള പരിശ്രമത്തിൽ അപ്രതീക്ഷിതമായ അപകടങ്ങളും, പരാജയങ്ങളും നമ്മളെ പിന്തിരിപ്പിച്ചേക്കാം. എന്നാൽ ആ പരാജയങ്ങളുടെ പാഠങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ കഴിയുന്നവർക്ക് മാത്രമേ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ.
എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. മുന്നിൽ ഉണ്ടായേക്കാവുന്ന തകർച്ചകൾ നേരിടാൻ കെൽപ് ഉണ്ടാവണം. ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറന്നു തരാൻ ദൈവത്തിന് കഴിയും എന്ന് വിശ്വസിച്ച് മുന്നേറുക.
സുഭാഷ് ടിആർ