"നിങ്ങൾ എപ്പോഴും ചെയ്തതുതന്നെയാണ് ചെയ്യുന്നതെങ്കിൽ, നിങ്ങൾക്ക് എപ്പോഴും ലഭിച്ചതുതന്നെയായിരിക്കും ലഭിക്കുക." ഇന്നത്തെ ചിന്താവിഷയം
ഒരിക്കലും മാറാത്ത ചിന്തകളും, വിരസമായ പ്രവൃത്തികളും ഒരാളുടെയും ജീവിതത്തിൽ യാതൊരു മാറ്റവും ഒരുകാലത്തും കൊണ്ടുവരില്ലെന്ന് അറിയാമല്ലോ. അത് വ്യക്തി ജീവിതത്തിലും രാജ്യങ്ങളുടെ കാര്യത്തിലും, ഭരണ കർത്താക്കളുടെ കാര്യത്തിലും, കണ്ടുപിടുത്തങ്ങളിലും ഒക്കെ അങ്ങനെ തന്നെയാണ്. ഇന്ന് ഈ ലോകത്ത് കാണുന്ന മാറ്റങ്ങൾക്ക് എല്ലാം കാരണം പലരും മാറി ചിന്തിച്ചത് കൊണ്ടല്ലേ.
ജീവിതത്തിൽ വിജയം ആഗ്രഹിക്കാത്തവർ ആരെങ്കിലും കാണുമോ. എന്നാൽ പലപ്പോഴും നമ്മൾക്ക് ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സാധിക്കാതെ വരുന്നത് എന്തുകൊണ്ടാണ് എന്ന് ആത്മ പരിശോധന നടത്തിയിട്ടുണ്ടോ. "നിങ്ങൾ എപ്പോഴും ചെയ്തതുതന്നെയാണ് ചെയ്യുന്നതെങ്കിൽ, നിങ്ങൾക്ക് എപ്പോഴും ലഭിച്ചതുതന്നെയായിരിക്കും ലഭിക്കുക." എന്നു തന്നെയാണ് അതിന് ഉത്തരം. രക്ഷപ്പെടില്ല എന്ന് വിചാരിച്ച പാതയിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചാൽ ഒരിക്കലും വിജയിക്കില്ല. അങ്ങനെ ചെയ്യുന്നത് വിഡ്ഢിത്തമല്ലേ.
വെല്ലുവിളികൾ ഇല്ലാത്ത ചുറ്റുപാടുകളിൽ ഒതുങ്ങിക്കൂടാനാണ് പലർക്കും താല്പര്യം. സുരക്ഷിത വലയത്തിൽ നിന്നും പുറത്തുകടക്കാതെ പുതിയ അവസരങ്ങൾ നേടാൻ സാധിക്കുമോ. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കുക, തിരിച്ചറിയുക. പുതുപുത്തൻ സാങ്കേതിക വിദ്യകളും, അറിവുകളും തേടിപ്പിടിക്കുക. പഴയ വഴി ഉപേക്ഷിക്കാൻ തയ്യാറായാൽ പുതിയ തുടക്കത്തിന് ആരംഭം കുറിക്കാം. പുതിയ മേഖലകളിലൂടെ ജീവിത വിജയത്തിനുള്ള വഴി സ്വയം വെട്ടി മുന്നോട്ടു പോകാം.
സുഭാഷ് ടിആർ