"ചില സാഹചര്യങ്ങളിൽ അനുയോജ്യമായ മറുപടി പറയാൻ കഴിയാതെ വന്നാൽ, ഒരു പുഞ്ചിരി നൽകുക. വാക്കുകൾ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം, പക്ഷേ ആ പുഞ്ചിരി ഉചിതമായ മറുപടിയാണ്" ഇന്നത്തെ ചിന്താവിഷയം 
 

 
smile

നമ്മളൊക്കെ ഏതെല്ലാം സാഹചര്യങ്ങളെയാണ് അതിജീവിച്ച് കടന്ന് വന്നത് എന്ന് എപ്പോഴെങ്കിലും ഓർക്കാറുണ്ടോ. എല്ലാവരും ഒന്നിച്ച് മറുപടി പറയുന്നത് ഇങ്ങനെ ആയിരിക്കുമല്ലോ, "ഉണ്ടോന്നോ.!" ഈ മറുപടിയോടൊപ്പം നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ തിരമാലകൾ ഓർമ്മകളുടെ തീരങ്ങളിൽ ആർത്തലയ്ക്കുന്നുണ്ടാകും.

 മറ്റുള്ളവരുമായി ഇടപഴകേണ്ടിവരുന്ന പല സന്ദർഭങ്ങളിലും, ഉത്തരവാദിത്വമുള്ളതും ഗൗരവമേറിയതുമായ വിഷയങ്ങളെ അഭിമുഖീകരിക്കുമ്പോഴും നമ്മളുടെ കഴിവ് പരമാവധി ഉപയോഗിക്കാറുണ്ട്, അതിൽ നമ്മൾ വിജയിക്കാറുമുണ്ട്. നമുക്ക് അഭ്യുദയം ഉണ്ടാകാൻ ആഗ്രഹിക്കുന്നവരുടെ പ്രാർത്ഥനയും സ്നേഹവും നമുക്ക് മുന്നോട്ടു പോകാൻ വലിയ പ്രചോദനം തരും.

നമ്മുടെ ജീവിതത്തിൽ വിജയങ്ങൾ ഉണ്ടായാൽ, അത് പരീക്ഷകളിൽ ആയാലും, ജോലിയിൽ ആയാലും, നമ്മൾ പ്രവർത്തിച്ചു വരുന്ന ഏത് മേഖലകളിൽ ആയാലും ശരി, ഇത്തരം ആളുകൾ നമ്മളെ അകമഴിഞ്ഞ് അഭിനന്ദിക്കാറില്ലേ.

സന്തോഷാതിരേകത്താൽ ഉചിതമായ മറുപടി പറയാൻ വാക്കുകൾ കിട്ടാതെ നമ്മൾ നിന്നു  പോകാറില്ലേ. അപ്പോൾ  അവർക്ക് മറുപടിയായി ഒരു പുഞ്ചിരി കൊടുക്കാം. അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

സന്തോഷവും സ്നേഹവും നന്ദിയുമെല്ലാം.  അതുപോലെ നമ്മളെ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും വേദനിപ്പിക്കുന്നവരുമുണ്ടാകും. നമ്മളെ മാനസികമായി തളർത്താൻ പോരുന്ന തരത്തിലുള്ള വാക്ശരങ്ങളാൽ മനസ്സിനെ മുറിവേൽപ്പിക്കുന്നവരോട് മറുത്തൊരക്ഷരം പറയാനാവാതെ വിറങ്ങലിച്ചു നിന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടാകുമല്ലോ.

അപ്പോഴും ഒരു പുഞ്ചിരി മറുപടിയായി കൊടുത്താൽ മതിയാകും. ആ ചിരിയിൽ അടങ്ങിയിരിക്കുന്ന അചഞ്ചലമായ ധൈര്യം  അത്തരക്കാർക്ക് മുന്നറിയിപ്പ് ആയിരിക്കും.

സുഭാഷ് ടി ആർ

Tags

Share this story

From Around the Web