"പൂന്തോട്ടത്തിലെ റോസാപ്പൂവിനെപ്പോലെ വിരിയാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, മുള്ളുകളുമായി പൊരുത്തപ്പെടാനുള്ള കല നാം പഠിക്കണം" ഇന്നത്തെ ചിന്താവിഷയം
ജീവിതം ഒരു കലയാണ്. ജീവിതത്തിലെ മുള്ളുകളെ മെരുക്കാനും, പൂവുകളെ ഓമനിക്കാനും പരിശീലനം നേടുന്ന ഒരു കല. മനുഷ്യ ജീവിതം മുന്നേറിയത് പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയും, വിവിധ കോണുകളിൽ നിന്ന് നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തിൽ അല്ലേ. ചുട്ടുപൊള്ളിക്കുന്ന തീഷ്ണമായ അനുഭവങ്ങൾ ഉണ്ടാവുമ്പോൾ മനുഷ്യൻ നിസ്സഹായനായി പോകും.
കൂരിരുൾ നിറഞ്ഞ ഉൾക്കാട്ടിലകപ്പെട്ടതുപോലെ, അല്ലെങ്കിൽ കത്തിയെരിയുന്ന ചൂടിൽ വേകുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട അവസ്ഥയിൽ എന്നപോലെ എത്രയോ മനുഷ്യർ ജീവിതം ഒരു കരയിൽ എത്തിക്കാൻ പാടുപെടുന്നു.
മറ്റൊരിടത്ത്, ധനധാന്യ സമൃദ്ധിയും, വിശേഷ വസ്ത്രങ്ങളും, സുഭിക്ഷ ഭക്ഷണവും ആഡംബരങ്ങളും അത്യാഡംബരങ്ങളും ഒക്കെയായി ജീവിതം ആസ്വദിക്കുന്നവരും. ഇങ്ങനെ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ മനുഷ്യൻ കടന്നു പോകുമ്പോൾ കഷ്ടത അനുഭവിക്കുന്നവർക്കും സുഖ സൗകര്യം അനുഭവിക്കുന്നവർക്കും ആഗ്രഹങ്ങൾ ഏറെക്കുറെ ഒരുപോലെയാണ്. എല്ലാവരും പേരും പ്രശസ്തിയും ആദരവും അംഗീകാരവും ഒക്കെ സ്വപ്നം കാണുന്നു.
ദരിദ്രരാണെങ്കിലും, ധനാഢ്യരാണെങ്കിലും ഇത്തരം അവസ്ഥയിലേക്ക് എത്തിച്ചേരുന്ന വഴികളിൽ ഉണ്ടായേക്കാവുന്ന തിക്താനുഭവങ്ങളെ കുറിച്ച് ബോധവാന്മാരാകണം.
തുടർച്ചയായ, നല്ലതും ചീത്തയുമായ അനുഭവങ്ങളിൽ നിന്ന് ലഭിക്കുന്ന പരിശീലനം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ നമ്മളെ പ്രാപ്തരാക്കും. കഷ്ടപ്പാടുകൾ അനുഭവിച്ചു നേടുന്ന വിജയത്തിനാണ് കൂടുതൽ മധുരം എന്നറിയാമല്ലോ.
സുഭാഷ് ടിആർ