"തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം ഉൾക്കൊള്ളുന്നില്ലെങ്കിൽ, ആ സ്വാതന്ത്ര്യം കൊണ്ട് ഒരുപയോഗവുമില്ല."  ഇന്നത്തെ ചിന്താവിഷയം 

 

 
freedom

തെറ്റുകൾ മനുഷ്യസഹജമാണ് എന്ന് പലപ്പോഴും നമ്മൾ പറയാറുണ്ട്. അതേസമയം, വീഴ്ചകൾ വിജയത്തെക്കുറിച്ച്   പഠിക്കാനും വളരാനുമുള്ള അവസരമായിട്ടാണ് ബുദ്ധിയുള്ളവർ കാണുന്നത്. 

തെറ്റുകൾ സംഭവിക്കുക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഒരു വ്യക്തി, അത് ഭരണാധികാരി ആയാലും, സ്ഥാപനത്തിൻ്റെ മേധാവി ആയാലും, സാധാരണ വ്യക്തി ആയാലും സ്വന്തമായി തീരുമാനങ്ങൾ എടുക്കേണ്ടി വരാറില്ലേ. അതിനുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, കൈക്കൊള്ളുന്ന തീരുമാനങ്ങൾ തെറ്റാം,  ചിലപ്പോൾ ശരിയാകാം. നമ്മൾ ഇന്ന് നേരിൽ കാണുന്ന,  അനുഭവിക്കുന്ന രാജ്യത്തെ എല്ലാ പുരോഗതികളും,   പരാജയങ്ങളുടെയും തെറ്റുകളുടെയും ഫലമാണ്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ്  ആമസോൺ കമ്പനി ഉടമയുടെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ട വാർത്ത വരുന്നത്.

എല്ലാ  മേഖലകളിലുമുള്ള  ശാസ്ത്രജ്ഞൻമാരും,  ഭരണാധികാരികളും  തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ മനസ്സിലാക്കിയിട്ടാണ്  ലോകത്തെ മാറ്റിമറിക്കുന്നതിന് അനുയോജ്യമായ കണ്ടുപിടിത്തങ്ങളും തീരുമാനങ്ങളും എടുത്തത്. സ്വാതന്ത്ര്യം,  അത് ഉപയോഗിക്കുന്നവരുടെ പൂർണ്ണമായ നിയന്ത്രണത്തിലും ഉത്തരവാദിത്വത്തിലും ഉൾക്കൊള്ളുന്നതാണ്.

സ്വാതന്ത്ര്യം ഉണ്ട് എന്ന് കരുതി, മനപ്പൂർവ്വം തെറ്റുകൾ വരുത്താൻ അനുവാദവുമില്ല, അവകാശവുമില്ല. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ പരിപൂർണ്ണമായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ സ്വാതന്ത്ര്യം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വേണ്ടിയാണെങ്കിൽ ആ തെറ്റ് ചെയ്യാൻ ഒരിക്കലും ജനങ്ങൾ അനുവദിക്കില്ല.

ഭയം കൂടാതെ തൊഴിൽ ചെയ്യാനും പഠിക്കാനും സംസാരിക്കാനും സഞ്ചരിക്കാനും  ആരാധിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. എന്നാൽ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴാണ് സ്വാതന്ത്ര്യം അപകടത്തിൽ ആവുന്നത്. തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ, മനപ്പൂർവ്വം തെറ്റുകൾ ചെയ്യാതെ സ്വാതന്ത്ര്യത്തിന്റെ അന്തഃസത്ത മനസ്സിലാക്കി ജീവിക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web