"തങ്ങളുടെ ഇഷ്ടം പ്രകടിപ്പിക്കുന്നവർ വിവേകപൂർവം തിരഞ്ഞെടുക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ജനാധിപത്യത്തിന് വിജയിക്കാനാവില്ല. അതിനാൽ ജനാധിപത്യത്തിന്റെ യഥാർത്ഥ സംരക്ഷണം വിദ്യാഭ്യാസമാണ്"ഇന്നത്തെ ചിന്താവിഷയം
 

 
india

നമ്മുടെ രാജ്യം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്  എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ലല്ലോ. നമ്മുടെ രാജ്യത്തോടൊപ്പം സ്വതന്ത്രമായ പല രാജ്യങ്ങളും ഏകാധിപത്യത്തിലേക്കും രാഷ്ട്രീയ അന്തഃച്ഛിദ്രങ്ങളിലേക്കും തകർന്നുവീഴുന്നതും നമ്മൾ കാണുന്നുണ്ട്.

ഏതാനും ആഴ്ചകൾക്കു മുമ്പാണ് ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനം നമ്മൾ ആഘോഷിച്ചത്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്നുവരെയുള്ള  എട്ട് ദശകങ്ങൾ ജനാധിപത്യ മൂല്യങ്ങളെ നമ്മൾ ഉയർത്തിപ്പിടിക്കുകയായിരുന്നു. നൂറുകണക്കിന് രാഷ്ട്രീയപാർട്ടികളും, സ്വതന്ത്ര വ്യക്തികളും ഇന്ത്യയുടെ ഭാഗധേയം നിർണയിക്കാനായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാറുണ്ട്.

ഇന്ത്യയുടെ ഭരണഘടന, രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് വിലകൽപ്പിക്കുന്നതു കൊണ്ടാണ് തിരഞ്ഞെടുപ്പുകളിൽ ആർക്ക്  വേണമെങ്കിലും മത്സരിക്കാൻ കഴിയുന്നത്.

പലതരത്തിലും സ്വഭാവത്തിലും ഉള്ള ആളുകളും, വിഭിന്നമായ ആശയങ്ങളുള്ളവരും ചേർന്ന് മുന്നണി ഉണ്ടാക്കി രാജ്യം ഭരിക്കുന്നതും ജനാധിപത്യത്തിൻ്റെ വിജയമാണ്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമേ ജനങ്ങൾക്ക് വിലയുള്ളൂ എന്നതാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ കുറവ്.

ഇന്ത്യയിൽ ഒരു സർക്കാരിന്റെ കാലാവധി അഞ്ചു വർഷമാണല്ലോ. അത് കേന്ദ്രസർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും. അഞ്ചുവർഷത്തേക്ക് തങ്ങളുടെ ആവശ്യങ്ങൾ നടത്തി തരാൻ വേണ്ടിയാണ് സമ്മതിദാനാവകാശം ജനങ്ങൾ വിനിയോഗിക്കുന്നത്.

നിർഭാഗ്യവശാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനഹിതമല്ല തിരഞ്ഞെടുക്കുന്നവരുടെ ഹിതവും അവരുമായി അവഹിതമായി കൂട്ടുകൂടുന്നവരുടെ ഹിതവുമാണ് നടപ്പിലാക്കി വരുന്നത്.

ജനങ്ങളിൽ ഭൂരിഭാഗവും  പല രാഷ്ട്രീയ കക്ഷികളുടെ അനുഭാവികൾ ആയതിനാൽ, അധികാരത്തിൽ ഇരിക്കുന്നവരുടെ ഭരണവൈകല്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യത്തിൻ്റെ  ഇരുണ്ട വശമാണ്. അധികാരം നിലനിർത്താൻ കള്ളത്തരങ്ങളും പ്രലോഭനങ്ങളും  പാർട്ടികൾ ചെയ്യാറുണ്ടല്ലോ.

എന്നാൽ ജനങ്ങളുടെ ഇഷ്ടം അവർ വിവേകപൂർവം ഉപയോഗിക്കുന്നില്ലെങ്കിൽ അടിമത്വത്തിലേക്ക് വീണ്ടും പോകുമെന്നതിന് സംശയമില്ല. അതിനാൽ ജനാധിപത്യത്തിൻ്റെ കാവലാളാകാൻ ജനാധിപത്യത്തെ കുറിച്ച് കൂടുതൽ അറിവും വിദ്യാഭ്യാസവും നേടേണ്ടത് ആവശ്യം തന്നെയാണ്.

വലിയ ആൾക്കൂട്ടത്തെ കണ്ട് അതിൻ്റെ പുറകെ പോയാൽ നഷ്ടം തനിക്കും തൻ്റെ നാടിനും മാത്രമായിരിക്കും എന്ന് ഓർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web