"ഈശ്വരനും ഗുരുവും ഒരേസമയം എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ ഞാൻ ആരെയാണ് ആദ്യം നമസ്കരിക്കുക.? ഗുരുവിനെ തന്നെ. കാരണം, അദ്ദേഹമാണ് എനിക്ക് ഈശ്വരനെ കുറിച്ച് പറഞ്ഞുതന്നത്"ഇന്നത്തെ ചിന്താവിഷയം

"ഈശ്വരനും ഗുരുവും ഒരേസമയം എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ ഞാൻ ആരെയാണ് ആദ്യം നമസ്കരിക്കുക.? ഗുരുവിനെ തന്നെ. കാരണം, അദ്ദേഹമാണ് എനിക്ക് ഈശ്വരനെ കുറിച്ച് പറഞ്ഞുതന്നത്"
ഭാരതത്തിലെ ഹിന്ദി കവിത്രയങ്ങളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന കബീർ ദാസിന്റെതാണ് ഈ മൊഴികൾ. എത്രമാത്രം ചിന്തനീയമാണ് അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ എന്ന് ഓർക്കുക. നമ്മുടെ ഉള്ളിലെ അന്ധകാരത്തെ നീക്കി അവിടെ അറിവിൻ്റെ പുതിയവെളിച്ചം നൽകുന്നത് ഗുരുവാണ്. ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്രയായിരുന്നു ഗുരുക്കന്മാരെ ആദരിക്കുക എന്നുള്ളത്.
നമ്മുടെ കണ്ണുകൊണ്ട് കാണാവുന്ന ദൈവമാണ് ഗുരു. പ്രത്യക്ഷ ദൈവമാണ് ഗുരു. മാതാ പിതാ ഗുരു ദൈവം എന്നല്ലേ നമ്മളെ പഠിപ്പിച്ചിരിക്കുന്നതും. അറിവ് ഇല്ലാത്ത മനുഷ്യൻ മൃഗതുല്യനാണ്. ആ അജ്ഞത അവനെ മറ്റുള്ളവരുടെ മുന്നിൽ അപരിഷ്കൃതനും അപഹാസ്യനുമാക്കും. അവന് വിദ്യ അഭ്യസിക്കാൻ കഴിഞ്ഞാൽ അടിമുടി ആ വ്യക്തി മാറിയിരിക്കും.
അവൻ്റെ ചിന്തകളിൽ നല്ല വെളിച്ചം വീശും, തെളിച്ചവും ഉണ്ടാവും. കബീർദാസിനെ പോലെ ഭാരതത്തിലെ ഭക്തിപ്രസ്ഥാനത്തിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ ഗുരുവിനെ ആദരിക്കുന്നത് ഇപ്രകാരമാണ്. ഒരു ശിഷ്യന് ഗുരുവിന് കൊടുക്കാവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണയും ഇത്തരം ഹിതകരമായ അഭിപ്രായങ്ങളാണ്.
നിർഭാഗ്യമെന്ന് പറയട്ടെ, ഇന്ന് ഗുരുക്കന്മാരെ ആക്രമിക്കുകയും, വധിക്കാൻ ശ്രമിക്കുകയും, അവരുടെ ഇരിപ്പിടങ്ങൾ കത്തിക്കുകയും അവരെ എത്രമാത്രം ആക്ഷേപിക്കാമോ അത്രമാത്രം ആക്ഷേപിക്കുകയും അതുവഴി ഗുരുശാപം ഏറ്റുവാങ്ങുകയും ചെയ്യുന്ന ശിഷ്യന്മാരാണ് കൂടുതലും. ഏഴു തലമുറ അനുഭവിച്ച് കഴിഞ്ഞാലും, ഗുരു ശാപം ഇവരെ വിടാതെ പിന്തുടരും എന്നിവർ അറിയുന്നില്ല. ഇന്ന് കുട്ടികളെ ദുർമാർഗ്ഗികൾ ആക്കാൻ അനേകം ആളുകളുമുണ്ട് മാർഗങ്ങളുമുണ്ട്.
"അജ്ഞാനതിമിരാന്തസ്യ
ജ്ഞാനാജ്ഞന ശലാകയാ ചക്ഷുരുന്മിലിതംയേന
തസ്മൈ ശ്രീ ഗുരവേ നമഃ"
അറിവില്ലായ്മയെന്ന ഇരുട്ടിനെ, അറിവാകുന്ന കൺമഷികൊണ്ട് കണ്ണെഴുതി തുറന്ന്, അറിവിൻ്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തുന്ന ശ്രേഷ്ഠനാണ് ഗുരു എന്ന് ലളിതമായി പറയാം. ശ്രേഷ്ഠരായ ഗുരുക്കന്മാരുടെ അഭാവം ഇന്ന് നമ്മൾ നേരിടുകയാണ്. ഗുരുക്കന്മാർ ധാരാളം ഉണ്ടെങ്കിലും ഓരോരുത്തരും ഓരോ രാഷ്ട്രീയ ചേരികളുടെ ഭാഗമാകുന്നത് കൊണ്ടായിരിക്കാം,
പണ്ടൊക്കെ ആചാര്യന്മാർക്ക് സമൂഹം കൊടുത്തിരുന്ന വിലയും നിലയും ഇന്ന് അവർക്ക് ലഭിക്കാത്തത് എന്ന് തോന്നുന്നത്! പേരിന് മുമ്പുള്ള ബഹുമതികളും പേരിനു ശേഷമുള്ള ബിരുദങ്ങളും വ്യാജമായി ലഭിക്കുന്ന കാലമാണിത് എന്ന് അറിയാത്തവരില്ലല്ലോ.
ഇക്കാരണത്താൽ ഇന്നത്തെ പല ആചാര്യന്മാരോടും ഗുരുക്കന്മാരോടും ഉള്ള വിശ്വാസത്തിന് മങ്ങലേൽപിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല. ശിഷ്യർക്കും സമൂഹത്തിനും മാതൃകയാകേണ്ട വ്യക്തിത്വമാണ് ഗുരുക്കന്മാർ എന്നോർക്കുക. മാത്രവുമല്ല,
"ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ" അതെ, ഈശ്വരനാണ് ഗുരു. ഗുരുവാണ് ഈശ്വരൻ.
ഓം ഗുരുഭ്യോ നമഃ