"വിനയം സേവനം നൽകുന്നു, ഗുരു സേവനം അറിവ് നൽകുന്നു, അറിവ് വിരക്തി നൽകുന്നു, വിരക്തി മോക്ഷം നൽകുന്നു"ഇന്നത്തെ ചിന്താവിഷയം

ചിന്താവിഷയത്തിലെ ഇന്നത്തെ ഉദ്ധരണിയിൽ സൂചിപ്പിച്ച കാര്യങ്ങൾ ഇന്നത്തെ കാലത്ത് പ്രാവർത്തികമാകും എന്ന് യാതൊരു ഉറപ്പുമില്ല. എളിമ, ഗുരുപൂജ, വിരക്തി, മോക്ഷം തുടങ്ങിയ ഇത്തരം പദങ്ങളും, ആചരണങ്ങളും ഒരുകാലത്ത് നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു.
ജനപദങ്ങൾ വികാസം പ്രാപിയ്ക്കുന്നതിനോട് ഒപ്പം തന്നെ പൗരാണിക കാലം മുതൽ ഭാരതത്തിലെ ജനങ്ങൾ അനുഷ്ഠിച്ചു വന്നിരുന്ന സാംസ്കാരിക ഔന്നത്യത്തിന് വേണ്ടിയുള്ള ചര്യകളും നിഷ്ഠകളും ചുരുങ്ങി കൊണ്ടിരിക്കുകയായിരുന്നു.
രാജ്യത്തെ ജനങ്ങളുടെ സമാധാനവും സന്തോഷവും പുരോഗതിയും ആ രാജ്യത്തിൻ്റെ സാംസ്കാരികമായ അടിത്തറയിൽ പണിതുയർത്തിയതാണ്. ഒരു രാജ്യത്തെയും ജനങ്ങളെയും നശിപ്പിക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കൾ ആദ്യം ചെയ്യുന്നത് ആ രാജ്യത്തിൻ്റെ സംസ്കാരത്തെ വേരോടെ പിഴുതെറിഞ്ഞു കൊണ്ടാണ് എന്നോർക്കുക.
അത്തരം ശ്രമങ്ങൾ ഇപ്പോൾ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിന്റെയൊക്കെ ഭാഗമായി മനുഷ്യൻ അവനിലെ എളിമയും വിനയവും പരസ് സ്നേഹവും മറന്നു കൊണ്ടിരിക്കുന്നു.
ഇന്ന് മറ്റൊരാളെ സേവിക്കുന്നത് പോലും പ്രശസ്തിക്ക് വേണ്ടിയാണ്. ഏറ്റവും വിനയത്തോടെ ജീവിച്ചാൽ മറ്റുള്ളവർ നമ്മളെ സേവിക്കാൻ മടിക്കില്ല. അതുപോലെയാണ് ഗുരുക്കന്മാരെ ആദരിക്കുന്നതും സേവിക്കുന്നതും.
ഗുരുകുല സമ്പ്രദായ വിദ്യാഭ്യാസം നിലനിന്നിരുന്ന കാലഘട്ടത്തിലും അതിനുശേഷം ഉള്ള ഏതാനും നൂറ്റാണ്ടുകൾ വരെയും, എന്തിനധികം ഏതാനും പതിറ്റാണ്ടുകൾ മുമ്പുവരെയും ഗുരുക്കന്മാരെ, അധ്യാപകരെ ബഹുമാനിച്ചിരുന്ന ആദരിച്ചിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഗുരുപൂജയിലൂടെ അറിവിൻ്റെ അക്ഷയഖനി തുറന്നു കിട്ടുമായിരുന്നു.
ഇന്നാകട്ടെ, ഗുരുത്വമില്ലായ്മയുടെയും, ഗുരു ശാപത്തിൻ്റെയും തീഷ്ണ ജ്വാലകളേറ്റ് വാടിക്കരിഞ്ഞ ബുദ്ധിയുമായി എന്ത് ചെയ്യാനും മടിക്കാത്ത തലതിരിഞ്ഞ തലമുറയെയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
ഗുരുവിൻ്റെ പാദപൂജ ചെയ്ത്, ഗുരുവന്ദനം നടത്തി അനുഗ്രഹാശിർവാദം നേടി, ജ്ഞാനത്തിന്റെ പടവുകൾ കയറിയ ആ തലമുറ ഒടുവിൽ വിരക്തിയിൽ അഭിരമിക്കുമായിരുന്നു. ജീവിതാവസാനകാലത്ത് മോക്ഷത്തിലേക്കും നിർവാണത്തിലേക്കും ഉള്ള പടവുകൾ ഇറങ്ങാൻ വിരക്തി അവർക്ക് ബലവും ശക്തിയും നൽകിയിരുന്നു.
ഇനി വരാൻ പോകുന്ന തലമുറയെങ്കിലും വിനയം സ്വഭാവം ഉള്ളവരാകുവാൻ പരിശ്രമിക്കുക. അധ്യാപകരെ ബഹുമാനിച്ചുകൊണ്ട് അറിവുകൾ സ്വായത്തമാക്കണം. അങ്ങനെ കിട്ടുന്ന അറിവ് ഒരുനാൾ വിരക്തിയിലേക്കും ഒടുവിൽ മോക്ഷത്തിലേക്കും നയിക്കും. അതുമാത്രമല്ല, സ്വന്തം കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഓരോരുത്തരും പരസ്പരം താങ്ങും തണലും ആകും.
സുഭാഷ് ടിആർ