"ഒരു മണ്ടൻ ലജ്ജിക്കത്തക്ക എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അത് തന്റെ കർത്തവ്യമാണെന്ന് അവൻ പ്രഖ്യാപിച്ച്കൊണ്ടിരിക്കും" ഇന്നത്തെ ചിന്താവിഷയം

ജീവിതത്തിലെ അനുഭവങ്ങളാണ് ഒരു മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് എന്ന് നമ്മൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബുദ്ധിയും വിവേകവും വകതിരിവും ഉള്ള മനുഷ്യൻ അവൻ്റെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ച് ജീവിതത്തിൽ മുന്നേറും.
ബുദ്ധിഹീനരെ സംബന്ധിച്ചിടത്തോളം അവരുടെ മുന്നിൽ കാണുന്നതിനൊന്നും തന്നെ വലിയ പ്രാധാന്യമോ പ്രസക്തിയോ കൊടുക്കാറില്ല. മതിയായ വിദ്യാഭ്യാസമോ പ്രായോഗിജ്ഞാനമോ കർമ്മശേഷിയോ കൈവരിക്കാൻ ഇത്തരക്കാർ ശ്രമിക്കാറില്ല.
എന്നാൽ മറ്റുള്ളവരുടെ മുന്നിൽ താൻ വലിയ വിദ്വാൻ ആണെന്നും വലിയ ബുദ്ധിമാനാണെന്നും ഭാവിക്കുകയും ചെയ്യും. അതവരെ കുഴപ്പത്തിലാക്കുകയേ യുള്ളൂ എന്ന് അവർ ഒരിക്കലും മനസ്സിലാക്കുന്നില്ല. "അഞ്ജനമെന്നത് ഞാനറിയും, മഞ്ഞള് പോലെ വെളുത്തിരിക്കും" എന്ന് ഇത്തരം വിദ്വാന്മാർ സമൂഹത്തിനുമുന്നിൽ യാതൊരു ലജ്ജയുമില്ലാതെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും.
അതുമാത്രമല്ല, താജ്യ ഗ്രാഹ്യ വിവേചന ബുദ്ധിയില്ലാതെ, വെറും കേട്ടറിവ് വെച്ച് മണ്ടത്തരങ്ങൾ മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യും. സാധാരണക്കാരനായ ഒരു മനുഷ്യന് പോലും ലജ്ജ തോന്നിയേക്കാവുന്ന കാര്യങ്ങൾ ഇത്തരക്കാർ ചെയ്യുമ്പോൾ കൊള്ളാം കൊള്ളാം എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന തിരുമണ്ടൻമാരായ സുഹൃത്തുക്കളും ചുറ്റും ഉണ്ടാവും.
അത് രാഷ്ട്രീയപ്രവർത്തകരാകാം, സാമൂഹ്യപ്രവർത്തകരാകാം, ജാതിമത സംഘടനകളും ആയി ബന്ധപ്പെട്ട നിൽക്കുന്നവർ ആകാം. ഇങ്ങനെ പൊതു രംഗത്ത് പ്രവർത്തിക്കുന്നവർ വിഡ്ഢിത്തരങ്ങൾ ചെയ്യുമ്പോഴും, പറയുമ്പോഴും ആണല്ലോ പൊതുജനം ശ്രദ്ധിക്കുന്നത്.
അത് തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കുന്നവരോട് കയർക്കുകയും "ഇത് എൻ്റെ ജോലിയാണ്, ഞാനല്ലാതെ മറ്റാരാണ് ഇത് ചെയ്യുവാനുള്ളത്, ഇത് എനിക്ക് മാത്രം അർഹതപ്പെട്ടതാണ്, മറ്റുള്ളവർക്ക് ഒന്നും തന്നെ അറിയത്തില്ല" എന്ന് തുടങ്ങിയ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഇത്തരം വിഡ്ഢികളെ എഴുന്നള്ളിക്കുന്നവരും ഈ ശ്രേണിയിൽ വരുന്നതാണ്.
ഇന്നത്തെ കാലത്താണെങ്കിൽ സമൂഹത്തിൽ എല്ലാ മുക്കിലും മൂലയിലും മിഴി തുറന്നിരിക്കുന്ന ക്യാമറ കണ്ണുകളുമുണ്ട്. അതുകൊണ്ടാണല്ലോ ഇത്തരക്കാരെ തുറന്നുകാണിക്കാൻ സമൂഹമാദ്ധ്യമങ്ങൾ വ്യഗ്രത കാട്ടുന്നത്.
സുഭാഷ് ടിആർ