"സന്തോഷം ആന്തരിക സാഹചര്യമാണ്. ആന്തരിക സാഹചര്യം സൃഷ്ടിക്കാൻ നിങ്ങൾ ഏതെങ്കിലും ബാഹ്യ പ്രവർത്തനം ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾ സ്വാഭാവികമായും ആ ബാഹ്യ പ്രവർത്തനത്തിന് അടിമപ്പെടും"ഇന്നത്തെ ചിന്താവിഷയം

ഓരോ മനുഷ്യർക്കും സന്തോഷിക്കാനായി എത്രയെത്ര കാരണങ്ങൾ ആണ് അവരവരുടെ ചുറ്റിലും ഉള്ളത്, അല്ലെങ്കിൽ എത്രയെത്ര സാഹചര്യങ്ങളാണ് ഉണ്ടാകാറുള്ളത് അല്ലേ.
സന്തോഷം ഉണ്ടാകാനും, സന്തോഷിക്കാനും, അത് പങ്കിടുവാനും ആണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. സന്തോഷിക്കാൻ വേണ്ടി ഒരാൾ സൃഷ്ടിക്കുന്നതും തിരഞ്ഞെടുക്കുന്നതുമായ സാഹചര്യം ആയിരിക്കില്ലല്ലോ മറ്റൊരാൾക്കുള്ളത്. സന്തോഷം തികച്ചും വ്യക്തിപരമാണ് എന്ന് സാരം. ഉള്ളിൽ എപ്പോഴും സന്തോഷം ഉള്ള ആളെ കാണുന്നത് തന്നെ നമ്മുടെ കണ്ണിനും മനസ്സിനും ആഹ്ലാദം ഉണ്ടാക്കുന്ന കാഴ്ചയാണ്.
അത്തരം ആളുകളോട് സംസാരിക്കാൻ എല്ലാവർക്കും വലിയ താല്പര്യം ഉണ്ടായിരിക്കും. ഒരു വ്യക്തിക്ക് ആഹ്ലാദിക്കാനുള്ള വഴിയും സാഹചര്യവും സൃഷ്ടിക്കാൻ അയാൾ പുറത്തുനിന്നുള്ള ഏതെങ്കിലും പ്രവർത്തികളെ, കാഴ്ചകളെ, ആളുകളെ, വസ്തുക്കളെ ഒക്കെ ആശ്രയിക്കേണ്ടി വരുമല്ലോ.
ഇങ്ങനെ സന്തോഷിക്കാനായി തിരഞ്ഞെടുക്കുന്ന വഴികൾ മനുഷ്യരെ അതിൻ്റെ അടിമയാക്കി മാറ്റാറുണ്ട്. അങ്ങനെയാണ് പലരും മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും അടിമകളായി മാറുന്നത്. അത് അവരെ സന്തോഷിപ്പിക്കും എന്നുള്ളതിനാലാണ്, നാശമുണ്ടാകും എന്നറിഞ്ഞിട്ടും അവർ ആ വഴി തിരഞ്ഞെടുക്കുന്നത്.
ഇത് വലിയൊരു സാമൂഹിക വിപത്തിലേക്ക് അവരെ നയിക്കുകയും ചെയ്യും. എന്നാൽ ഇതിൻ്റെ മറ്റൊരു വശത്ത്, വായനയും പഠനവും നൃത്തവും ജോലിയും തുടങ്ങി ജീവിത സന്ധാരണത്തിനും, ആത്മസംതൃപ്തിക്കും, ആത്മഹർഷത്തിനും വേണ്ടി ചെയ്യുന്ന അനേകം പ്രവർത്തികളിൽ മനുഷ്യൻ ഏർപ്പെടാറുണ്ട്.
സുദൃഢമായ കുടുംബബന്ധങ്ങളിലും സ്നേഹബന്ധങ്ങളിലും സുഹൃത് ബന്ധങ്ങളിലും സന്തോഷം കണ്ടെത്തുന്നവർ ഇപ്രകാരം ജീവിക്കുന്നവരാണ്.
സമൂഹം ഇവർക്ക് വലിയ ഒരു സ്ഥാനം വെച്ച് നീട്ടുന്നത് അവരെ സന്തോഷിപ്പിക്കാറുണ്ട്. നമ്മളുടെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തിയും മറ്റുള്ളവർക്കും സമൂഹത്തിനും ഉപദ്രവം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നത് കൊണ്ട് കിട്ടുന്ന ആനന്ദം പരമാനന്ദം ആയിരിക്കും.
സുഭാഷ് ടിആർ