"വലിയ കള്ളൻമാർ നല്ല മാന്ത്രികരും ആയിരിക്കും" ഇന്നത്തെ ചിന്താവിഷയം

1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറും, നാസിസത്തിന്റെ സ്ഥാപകനുമായ അഡോൾഫ് ഹിറ്റ്‌ലറുടെ വാക്കുകളാണ് ഇത്. മോഷണം ഒരു കലയാണ്, കള്ളൻമാർ മികച്ച കലാകാരന്മാരാണ് എന്ന് പറയുന്നതിൽ തെറ്റുണ്ടോ.! ഇങ്ങനെ പറയുമ്പോൾ മോഷണത്തെയും മോഷ്ടാവിനെയും മഹത്വവൽക്കരിക്കുക എന്ന് തോന്നാൻ പാടില്ല.
മോഷ്ടാക്കൾ എവിടെയും, ഏതു രൂപത്തിലും വരാം. തസ്കരന്മാരുടെ ചാരക്കണ്ണുകളുടെ നിരീക്ഷണ പരിധിയിലാണ് ഓരോരുത്തരും ഓരോ സ്ഥലങ്ങളും.
പോലീസ് ബുദ്ധിയെയും തോൽപ്പിക്കുന്നതാണ് തസ്കരബുദ്ധി എന്ന് മോഷ്ടാക്കൾ വിശ്വസിക്കുന്നത് കൊണ്ടായിരിക്കാം വീണ്ടും വീണ്ടും മോഷണങ്ങൾ നടക്കുന്നതും കൂടുതൽ മോഷ്ടാക്കൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മോഷണക്കുറ്റത്തിന് ജയിലിലായി പരോളിൽ ഇറങ്ങുന്ന കള്ളൻമാരും, ശിക്ഷ അനുഭവിച്ച് പുറത്തുവരുന്ന കള്ളന്മാരും പുറത്തേക്ക് വരുന്ന വഴിക്ക് അടുത്ത മോഷണം നടത്തി വീണ്ടും ജയിലിലാകുന്ന സംഭവങ്ങൾ നമ്മൾ കേൾക്കാറുണ്ടല്ലോ.!
കള്ളനുണ്ടോ അവിടെ പോലീസും ഉണ്ട്. ചെറുതും വലിയതുമായ മോഷണ കേസുകൾ അന്വേഷിച്ച് കണ്ടെത്തുന്നതിൽ പോലീസിൻ്റെ മിടുക്ക് അപാരമാണ്. എന്നാൽ ചെറിയ ചെറിയ മോഷണങ്ങളും മോഷ്ടാക്കളും മാത്രമാണ് പിടിക്കപ്പെടുന്നത് എന്ന് തോന്നാറില്ലേ. വലിയ മോഷണങ്ങൾ വളരെ വൈകിയായിരിക്കും പുറംലോകം അറിയുന്നത്.
ഈ മോഷ്ടാക്കൾ വലിയ ജാലവിദ്യക്കാരാണ് എന്നതാണ് കാരണം. സംഘടിത മോഷണം നടത്തുന്ന തസ്കര സംഘങ്ങൾ വിലസുന്ന കാലമാണിന്ന്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമം മോഷ്ടാക്കളുടെ കോർപ്പറേറ്റ് ഓഫീസ് ആണ്. ഇവിടെ നിന്നും രാജ്യത്തിൻ്റെ നാനാഭാഗത്തേക്കും തിരുടന്മാർ (കള്ളന്മാർ) വണ്ടി കയറും. ചിലർ പിടിക്കപ്പെടും ചിലർ രക്ഷപ്പെടും.
ഇപ്പോൾ കേരളത്തിലെ അതി പ്രശസ്തമായ ഒരു ക്ഷേത്രത്തിൽ നടന്ന മോഷണമാണല്ലോ മാധ്യമങ്ങളുടെ പ്രധാന തലക്കെട്ട്. ഇന്ദ്രജാലത്തിലും മഹേന്ദ്രജാലത്തിലും ഡോക്ടറേറ്റ് നേടിയവർ നടത്തിയ ആസൂത്രിത മോഷണം രാജ്യത്തെയും ജനങ്ങളെയും പോലീസിനെയും ഞെട്ടിച്ചു കളഞ്ഞു.
സ്വർണ്ണത്തെ ചെമ്പാക്കി മാറ്റിയ മഹേന്ദ്രജാലത്തിൽ മൂർത്തിക്ക് നഷ്ടപ്പെട്ടത് ഏതാണ്ട് 40 കിലോയോളം സ്വർണമാണ്. അതും കൂടാതെ ദേവന് ഭക്തർ ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി സമർപ്പിക്കുന്ന സ്വർണ്ണാഭരണങ്ങളും രത്നാഭരണങ്ങളും അപ്രത്യക്ഷമാക്കുന്ന ജാലവിദ്യക്കാരുമുണ്ട്.
ഇന്ദ്രജാല മോഷ്ടാക്കൾക്ക് പൊതുമുതൽ മോഷ്ടിക്കുന്നതിൽ ആണ് താല്പര്യവും വൈദഗ്ദ്ധ്യവും. പൊതുമുതൽ ആയതുകൊണ്ട് ചോദിക്കാനും പറയാനും അന്വേഷിക്കാനും ആരും ഉണ്ടാവുകയില്ല എന്ന ഉത്തമ വിശ്വാസം കള്ളന്മാരെ ഇവിടെ രക്ഷിക്കുന്നു.
മോഷണ മുതൽ പങ്കിട്ട് അന്വേഷണം പോലും ഇല്ലാതാക്കുന്ന ജാലവിദ്യക്കാരാണ് ഇത്തരക്കാർ. ഹിറ്റ്ലറുടെ വാക്കുകൾ ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാകുന്നത് അതുകൊണ്ടാണ്.
സുഭാഷ് ടിആർ