"നല്ല മനുഷ്യ ബന്ധങ്ങൾ വ്യക്തിപരമായ വലിയ നേട്ടങ്ങൾ കൊണ്ടുവരിക മാത്രമല്ല, ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് അത്യന്താപേക്ഷിതവുമാണ്" ഇന്നത്തെ ചിന്താവിഷയം
നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നത് നല്ല കാര്യമാണ്. രക്തബന്ധത്തേക്കാൾ തീവ്രതയുള്ള സൗഹൃദങ്ങൾ ഉള്ളവർ എപ്പോഴും ശക്തരായിരിക്കും. നമ്മളുടെ ചിന്താഗതിക്കും പെരുമാറ്റത്തിനും അനുസരിച്ചുള്ളവർ ആയിരിക്കും നമ്മളോട് കൂട്ടുകൂടാൻ വരുന്നവരും. സമൂഹം ഒരാളെ വിലയിരുത്തുന്നത് അവന്റെ സൗഹൃദം ആരോടൊക്കെയാണ് എന്ന് മനസ്സിലാക്കിയിട്ടാണ്.
"നിൻ്റെ കൂട്ടുകാർ ആരെന്ന് പറയൂ, നീ ആരാണ് എന്ന് ഞാൻ പറയാം" എന്ന പ്രശസ്ത വാചകം കേട്ടിട്ടില്ലേ. സുഹൃത്തുക്കൾക്ക് അത്രയേറെ പ്രാധാന്യം ഉണ്ട് എന്ന് അറിയുക. ഒറ്റയാനായി നിന്ന് ജീവിതത്തിൽ എന്തെങ്കിലും ആകാമെന്ന് വിചാരിക്കുന്നവർ ഉണ്ടോ.? ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുന്നവനാണ് യഥാർത്ഥ സ്നേഹിതൻ. സ്വാർത്ഥ ലാഭത്തിനായി കൂട്ടുകൂടുന്നവരെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതാണ് നല്ലത്.
നമ്മുടെ ജീവിതത്തിന് വഴികാട്ടി ആകാനും നല്ല ഒരു സൂഹൃത്തിന് കഴിയും. നമ്മുടെ അഭ്യൂദയം മാത്രം ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ എല്ലാവർക്കും ഉണ്ടല്ലോ. അത്തരം സൗഹൃദങ്ങൾ, വ്യക്തിപരമായ നേട്ടങ്ങൾ മാത്രമല്ല നമുക്ക് സമ്മാനിക്കുന്നത്. മറിച്ച്, നമ്മുടെ ജീവിത വിജയത്തിന് അത്യന്താപേക്ഷിതവുമാണ് എന്നോർക്കുക
സുഭാഷ് ടിആർ