"മതം ഏതെന്ന് ദൈവം ചോദിക്കുകയില്ല; ലോകത്ത് എന്തു ചെയ്തു എന്നേ ചോദിക്കുകയുള്ളൂ" ഇന്നത്തെ ചിന്താവിഷയം 

 

 
religion

സിഖ് മത സ്ഥാപകനായ ഗുരു  നാനാക്കിന്റേതാണ് ഈ വാക്കുകൾ. ജാതിഭേദവും മതദ്വേഷവും വർദ്ധിച്ചു വരുന്ന ഇക്കാലത്തും ഗുരു നാനാക്കിന്റെ വാക്കുകൾ  പ്രസക്തിയുള്ളതായി  തീരുന്നു. മതത്തിൻ്റെ പേരിൽ മനുഷ്യർ പോരാട്ടം തുടങ്ങിയിട്ട് ഏതാനും നൂറ്റാണ്ടുകളായിട്ടുണ്ടാകും.

മതത്തിൻ്റെ പേരിൽ മാത്രമല്ല, ഭാഷയുടെ പേരിലും ആചാരങ്ങളുടെ പേരിലും ഒക്കെ ഇങ്ങനെ വൈരങ്ങളും വെറുപ്പിക്കലുകളും കലാപങ്ങളും ഒക്കെ നടക്കാറുണ്ട്. എല്ലാത്തരം  കലാപങ്ങളുടെയും പിന്നിൽ മറഞ്ഞിരിക്കുന്ന പ്രായോജകരുണ്ട് എന്ന് കാണാം. ഇന്ന് ലോകം മുഴുവൻ മതം ഒരു കലാപ ഹേതുവായി മാറിയിരിക്കുന്നു.

മതങ്ങളുടെ ഇടയിൽ, മതനേതാക്കൾക്കിടയിൽ കലാപത്തിന്റെ വിത്തുകൾ പാകി ഓടിമറിയുന്നവരെ ആരും അറിയുന്നില്ല. മതത്തെയും ജാതിയും കൊണ്ട് നിത്യ വൃത്തികഴിക്കുന്നവരാണ് ഇക്കൂട്ടരുടെ ഇരകൾ. ഭൂമിയിൽ ജനിച്ച്, ജീവിച്ച്, മരിച്ച് ചെല്ലുമ്പോൾ ദൈവം ചോദിക്കും "നിനക്ക് ഭൂമിയിൽ ജീവിക്കാൻ ഞാൻ അവസരം തന്നിട്ട് ജനങ്ങൾക്കും, സമൂഹത്തിനും, ലോകത്തിനു വേണ്ടി നീ എന്താണ് ചെയ്തത്.?"

കുറ്റബോധം കൊണ്ട് മനുഷ്യൻ്റെ ആത്മാവ് തലതാഴ്ത്തി നിൽക്കുകയേയുള്ളൂ.! കാരണം അയാൾ സ്വന്തം മതത്തിലും കുലത്തിലും അഹങ്കരിച്ച് നടന്നവൻ ആയിരുന്നു. അയാളുടെ ആത്മാവ് മെല്ലെ തല ഉയർത്തി ചുറ്റുപാടും നോക്കുമ്പോൾ മതത്തിൻ്റെ പേരിൽ അയാൾ പരിഹസിച്ചവരും, ജാതിയുടെ പേരിൽ അയാൾ അപഹസിച്ചവരും, നിന്ദിച്ചവരും ദൈവ സന്നിധിയിൽ അയാളോടൊപ്പം നിൽക്കുന്നു.

മതവും ജാതിയും അല്ല മനുഷ്യത്വമാണ് ഏറ്റവും നല്ല മതം എന്ന് തിരിച്ചറിയുക. ഹ്രസ്വമായ ഭൂമിയിലെ ജീവിത കാലത്ത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യാവുന്ന സൽകർമ്മങ്ങൾ ചെയ്യുക.

ജനങ്ങൾക്ക് വേണ്ടി സമൂഹത്തിനുവേണ്ടി തന്നാൽ കഴിയുന്ന സേവനങ്ങൾ സഹായങ്ങൾ ഒക്കെ ചെയ്യാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് അഹിതമായതൊന്നും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത്. നമ്മുടെ ഓരോ പ്രവർത്തികളും കാണുന്നവനും, എണ്ണുന്നവനും  നമ്മോടൊപ്പം ഉണ്ട് എന്നോർത്താൽ മതി.

സുഭാഷ് ടി ആർ
 

Tags

Share this story

From Around the Web