"അക്കരെ ചെല്ലണം തോണിയും മുങ്ങണം"ഇന്നത്തെ ചിന്താവിഷയം

ഈ പഴഞ്ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ചില മനുഷ്യരുടെ സ്വാർത്ഥ ചിന്താഗതികളെയാണ് ഈ പഴഞ്ചൊല്ല് വെളിവാക്കുന്നത്. റോഡും പാലവും വാഹനങ്ങളും ഒക്കെ വരുന്നതിന് മുമ്പ് ജലഗതാഗതത്തെ ആയിരുന്നു ജനങ്ങൾ കൂടുതലും ആശ്രയിച്ചിരുന്നത്. പുഴയിലൂടെ അക്കരെ ഇക്കരെ കടക്കാനും ദീർഘദൂരം സഞ്ചരിക്കാനും കടത്ത് തോണികളും കടത്തുകാരനും ഉണ്ടായിരുന്ന കാലം.
പലപ്പോഴും കുറെയധികം സമയം കാത്തു നിന്നതിനു ശേഷമായിരിക്കും ഒരു കടത്തുവള്ളം വരുന്നത്. ആ വള്ളത്തിൽ കയറി ഉദ്ദേശിച്ച സ്ഥലത്ത് എത്തിയ ശേഷം വള്ളം മുങ്ങി പോകണം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാവും. കുറച്ചുകൂടി വിശദമാക്കിയാൽ, "കാര്യം കാണാൻ കഴുതക്കാലും പിടിക്കാം" എന്ന പഴഞ്ചൊല്ല് ഇതിനോട് ചേർത്ത് വായിക്കാം.
തന്റെ കാര്യം നേടിയതിനു ശേഷം മറ്റുള്ളവർ നശിച്ച് പോകണം എന്ന് ആഗ്രഹിക്കുന്നവരെ കുറിച്ചാണ് ആദ്യത്തെ പഴഞ്ചൊല്ല്. തനിക്ക് മാത്രം എല്ലാം മതി മറ്റുള്ളവർക്ക് ഒന്നും ലഭിക്കരുത്, തനിക്ക് ഇല്ലാത്തതൊന്നും മറ്റുള്ളവർക്ക് ഉണ്ടാകരുത് എന്ന അധമ ചിന്തയുള്ള മനുഷ്യർ അനേകം ഉണ്ട് ഭൂമിയിൽ. അസൂയയും കുശുമ്പും ആണ് അവരെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
സത്ചിന്തകൾ മനസ്സിൽ നിറയാൻ സത്സംഗവും, ഈശ്വരഭജനവും പ്രാർത്ഥനയും പരീക്ഷിക്കാം. മറ്റുള്ളവരെ മുൻവിധിയോടെ ഒരിക്കലും കാണുകയോ അഭിപ്രായങ്ങൾ പറയുകയോ ചെയ്യരുത്. നമ്മൾ മറ്റുള്ളവരെ കുറിച്ച് പറയുന്ന അഭിപ്രായങ്ങൾ നാളെ തെറ്റാണെങ്കിൽ അത് നമുക്ക് വലിയ പശ്ചാത്താപത്തിനും അപമാനത്തിനും ഇടയാക്കും.
മനുഷ്യർ എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ഒക്കെ ജീവിച്ചു പോകേണ്ടവരല്ലേ. വ്യത്യസ്ത കുടുംബങ്ങളിൽ ജനിച്ച്, അതുപോലെതന്നെ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിയ്ക്കുന്നവരാണല്ലോ എല്ലാവരും തന്നെ. മറ്റൊരാൾക്ക് നന്മയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ ഇന്ന് വിരളമാണ്. തൻ്റെ കുട്ടിയേക്കാൾ, ക്ലാസിൽ മിടുക്കനായ മറ്റൊരു കുട്ടിക്ക് ശീതളപാനിയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഒരു അമ്മയെ ഈ അവസരത്തിൽ ഓർമ്മിക്കുകയാണ്. എത്ര നിഷ്ഠൂരമായ മനസ്സായിരുന്നു അവരുടേത്.
ആ കുട്ടി നഷ്ടപ്പെട്ട മാതാപിതാക്കളുടെ അവസ്ഥ ആലോചിച്ചു നോക്കൂ. ഇന്ന് വളരെ ചെറുപ്പത്തിലേ തന്നെ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കുന്നത് മറ്റുള്ളവരെ വെറുക്കാനും അവരോട് മത്സരിക്കാനും ഒക്കെയാണോ എന്ന് തോന്നിയാൽ കുറ്റം പറയാൻ പറ്റത്തില്ല. തനിക്ക് ഇല്ലാത്തത് മറ്റുള്ളവർക്ക് ഉണ്ടാകുന്നതിൽ അഭിമാനിക്കുന്നതിന് പകരം, അതിൽ സ്വയം അപമാനം നേരിടുന്നത് പോലെയാണ് പിന്നീടുള്ള അവരുടെ ഓരോ പ്രവർത്തികളും.
ആളുകളെ കാണുമ്പോൾ നന്നായി ചിരിക്കുകയും അവർ പോയി കഴിയുമ്പോൾ അവരുടെ കുറ്റവും കുറവും പറയുന്നവരും സമൂഹത്തിലുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. ലോകാരംഭം മുതൽ ഏഷണി കൂട്ടുന്നവരും പരദൂഷണക്കാരും ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്.
പാഠ്യ വിഷയത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസവും സന്മാർഗ്ഗ പഠനവും കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ടതുണ്ട്. തെറ്റുകൾക്ക് കൊച്ചുകൊച്ച് ശിക്ഷകൾ നൽകി അവരെ ശരിയായ ദിശയിലേക്ക് നടത്താം.
അങ്ങനെ വളർന്നുവരുന്ന തലമുറകൾ വീടിനും നാടിനും എന്നും വലിയ മുതൽ കൂട്ട് ആയിരിക്കും. സ്വാർത്ഥ ചിന്തകൾ അവരുടെ മനസ്സിൽ ഇടം പിടിക്കത്തില്ല. മറ്റുള്ളവരോട് സ്നേഹവും ബഹുമാനവും കരുണയും അവരുടെ മനസ്സിൽ നിറയും. അങ്ങനെയുള്ള തലമുറയെ സൃഷ്ടിച്ചെടുക്കാൻ മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
സുഭാഷ് ടിആർ