"ശക്തനാകുന്നതിലല്ല, ശക്തിയുടെ ശരിയായ ഉപയോഗത്തിലാണ് മഹത്വം" ഇന്നത്തെ ചിന്താവിഷയം

ഒരാൾ ശക്തനാണ് എന്ന് നമ്മൾ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആയിരിക്കും. കായിക ബലമുള്ള ഒരാളെ ചൂണ്ടിക്കാണിച്ച് അയാൾ ശക്തനാണ്, ശക്തിമാനാണ് എന്ന് പറയാറുണ്ട്.
ഉന്നത വിദ്യാഭ്യാസവും അറിവുള്ള ആളുകളെ കുറിച്ച് അവർ നല്ല ബുദ്ധിശക്തി ഉള്ളവരാണ് എന്ന് പറയാറുണ്ട്. രാഷ്ട്രീയ പ്രവർത്തകരെ കുറിച്ച് ആണെങ്കിൽ അവരുടെ സ്വാധീന ശക്തിയെക്കുറിച്ച് നമ്മൾ പറയും. വളരെയധികം സമ്പത്തുള്ളവരെ കുറിച്ചാണ് പറയുന്നതെങ്കിൽ നല്ല സാമ്പത്തിക ശക്തി ഉള്ളവരാണ് എന്നും പറയും.
ഇങ്ങനെ പല കാര്യങ്ങളിലും നമ്മളെക്കാൾ മികച്ച നിലവാരം പുലർത്തുന്നവരുടെ കഴിവുകളെ കുറിച്ച് നമ്മൾ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഈ പറഞ്ഞവർക്കെല്ലാം ശക്തിയുണ്ട്.
എന്നാൽ അത് എങ്ങനെ അവർ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അവരുടെ ശക്തിയെ അളക്കുന്നത്. ഒരു രാഷ്ട്രീയക്കാരന് അയാളുടെ ഇച്ഛാശക്തി ഉപയോഗിച്ച് നല്ല ഒരു ഭരണാധികാരി ആകാൻ പറ്റും. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തി അയാൾക്ക് ശക്തി തെളിയിക്കാം. അതുപോലെയാണ് എല്ലാ മേഖലകളിലും ഉള്ള ശക്തരായ ആളുകളുടെ കാര്യവും.
അവർക്ക് ലഭിച്ചിരിക്കുന്ന കഴിവും, വൈഭവവും യഥാസമയത്ത് യഥാവിധി പ്രയോഗിക്കുമ്പോഴാണ് അവരുട മഹത്വം പുറത്തേക്ക് വരുന്നത്. അങ്ങനെയുള്ളവരല്ലേ യഥാർത്ഥ ശക്തർ.!
സുഭാഷ് ടിആർ