"നിങ്ങളെ ചെറുതാക്കുന്ന കാര്യങ്ങളിൽ നിന്ന് അകന്നു പോകുന്നത് രക്ഷപ്പെടലല്ല, അത് നിങ്ങളുടെ ഉള്ളിലെ ആത്മാവിനെ ബഹുമാനിക്കുന്ന ഒരു പുണ്യപ്രവൃത്തിയാണ്" ഇന്നത്തെ ചിന്താവിഷയം 
 

 
alone

അന്തസ്സിന്റെയും അഭിമാനത്തിന്റെയും കാര്യത്തിൽ എല്ലാ മനുഷ്യരും തുല്യരാണല്ലോ. പരസ്പരം ആദരിക്കാനും സ്നേഹിക്കാനും മനസ്സുണ്ടെങ്കിൽ ഈ ലോകത്ത് ഒരു പ്രശ്നവും ഉണ്ടാകത്തില്ല. പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും മനുഷ്യൻ തന്നെയാണ്. മനുഷ്യർ തമ്മിലും, മനുഷ്യരും സമൂഹവും തമ്മിലും, രാജ്യവും രാജ്യവും തമ്മിലും സ്നേഹവും വൈരവും ഉണ്ടാകുന്നതും മനുഷ്യരുടെ ഇടപെടലുകൾ മൂലമാണ്.

നാസ കഴിഞ്ഞ ദിവസം ചന്ദ്രനെ ചുറ്റിക്കറങ്ങി വരുന്നതിന് ഉപയോഗിച്ച   പരീക്ഷണ വാഹനമായ ആർട്ടിമിസ് II പുറത്തുവിട്ട ഒരു ചിത്രം ഉണ്ട്, ഭൂമിയുടെ സുന്ദരമായ ഒരു ചിത്രം. വിവരിക്കാൻ ആവാത്ത വിധം പരന്നുകിടക്കുന്ന അതിവിശാലമായ പ്രപഞ്ചത്തിലെ കേവലം ഒരു പൊട്ടു മാത്രമാണ് ഭൂമി എന്ന് ആ ചിത്രം കണ്ടപ്പോൾ നമുക്ക് മനസ്സിലായിട്ടുണ്ട്. ആർട്ടിമിസ് II - ലെ ശാസ്ത്രഞ്ജർ,  പത്തിരുപത്തിയഞ്ച് ലക്ഷം കിലോമീറ്റർ അകലെ നിന്ന് പകർത്തിയ ചിത്രം മനുഷ്യ സമൂഹത്തെ ഓർമിപ്പിക്കുന്നത് ഇതാണ്.

ആർക്കും യാതൊരു പ്രയോജനവും ഇല്ലാത്ത, ദുരഭിമാനവും വാശിയും അഹങ്കാരവും അഹംഭാവവും ധിക്കാരവും ധാർഷ്ട്യവും പകയും വിദ്വേഷവും യുദ്ധവും വെട്ടിപ്പിടിക്കലുകളും   ജാതി മത വർഗ്ഗ വർണ്ണ വിവേചനങ്ങളും നിരർത്ഥകമാണ്. ഈ ചെറിയ ഭൂഗോളത്തിൽ ഇരുന്ന് വലിയ വർത്തമാനം പറയുന്നവർ വിചാരിക്കുന്നത് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവരാണ് എന്ന രീതിയിലാണ്.

മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ, പ്രപഞ്ചത്തിലെ ഏറ്റവും നല്ല ഗ്രഹമാണ് നമ്മുടെ കൊച്ചു ഭൂമി. ശാസ്ത്രജ്ഞരുടെ അറിവിൽ വാസയോഗ്യമായ മറ്റൊരു ഗ്രഹം ഇതുവരെ കണ്ടെത്താനായിട്ടുമില്ല. കൃത്യമായ സഞ്ചാര പാത ഒരുക്കി, അതിലൂടെ ഗ്രഹങ്ങൾക്ക്   സഞ്ചരിക്കാനും, നക്ഷത്രങ്ങളെ തൽസ്ഥാനത്ത് സ്ഥാപിക്കാനും   വഴിയൊരുക്കിയതിന് പിന്നിലെ ആ മാന്ത്രിക കരങ്ങൾ, ഭൂമിയുടെ സഞ്ചാര പാത ഒരു മില്ലിമീറ്റർ മാറ്റിയാൽ ഭൂമിയിലെ സകലതും തകിടം മറിയും. ഞാനാണ് എല്ലാം എന്ന് അഹങ്കരിച്ച മനുഷ്യൻ നിസ്സഹായനായി പോകും.

ജീവിക്കാൻ കിട്ടിയ അവസരം പാഴാക്കാതിരിക്കുക. "നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്ന ദൈവ വചനം ഓർക്കുന്നത് എപ്പോഴും നല്ലതാണ്. കാരണം ആദ്യമേ പറഞ്ഞതുപോലെ ഓരോ മനുഷ്യർക്കും അവരുടെതായ അന്തസ്സും അഭിമാനവും ഉണ്ട്. അത് പണ്ഡിതനെന്നോ പാമരനെന്നോ ധനവാൻ എന്നോ ദരിദ്രനെന്നോ ഭേദവുമില്ല.

അഭിമാനക്ഷതം ഉണ്ടാകുന്നത് ആർക്കും ക്ഷമിക്കാൻ പറ്റുന്നതല്ല. ആളുകൾ പലതരക്കാരായതുകൊണ്ട് അഭിമാനക്ഷതം  ഉണ്ടായവർ എങ്ങനെ പ്രതികരിക്കും എന്നും പറയാൻ പറ്റത്തില്ല. പലരും അക്രമകാരികളാകുന്നത് ഇത്തരം അപമാനം ഏൽക്കുന്നത് കൊണ്ട് കൂടി ആകാം. അപമാനം ഉണ്ടായാൽ ചിലർ അവിടെ നിന്നു പലായനം ചെയ്യുന്നത് രക്ഷപ്പെടലാണ് എന്ന് കരുതേണ്ട. അവർക്കുള്ള  ആത്മാവിൻ്റെ സന്ദേശമാണ് ആ സ്ഥലത്തുനിന്നും വിട്ടുനിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത് എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web