"യാതൊരു പശ്ചാത്താപവും കൂടാതെ അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക" ഇന്നത്തെ ചിന്താവിഷയം
ചില ആളുകൾ നമ്മളുമായി പെട്ടെന്ന്, വളരെ പെട്ടെന്ന് അടുക്കാറില്ലേ. ശരിക്കും പറഞ്ഞാൽ നമ്മൾ അറിയാതെ, നമ്മുടെ ജീവിതത്തിലേക്ക്, നമ്മുടെ സ്വകാര്യതയിലേക്ക് അവർ ഇടിച്ചു കയറുകയാണ്. വളരെ കുശാഗ്ര ബുദ്ധിയോ ടെ അവർ ഇടിച്ചു കയറുന്നത് നമ്മൾക്ക് മനസ്സിലാവുകയില്ല. ഇത്തരം ബന്ധങ്ങൾ നീണ്ടുനിൽക്കാറില്ല.
വളരെ പെട്ടെന്ന് അടുക്കുകയും അതിലും വേഗത്തിൽ അകലുകയും ചെയ്യും ഇത്തരം ബന്ധങ്ങൾ. അതിനു കാരണം അവരെക്കാൾ മറ്റുള്ളവർക്ക് സമ്പത്തോ സൗന്ദര്യമോ ജോലിയോ സമൂഹ പദവികളോ ഒക്കെ ഉണ്ടാവുന്നത് കൊണ്ടാകാം അവർ നമ്മിലേക്ക് ഇടിച്ചു കയറുന്നത്.
പതിയെ പതിയെ അവരുടെ ഉള്ളിലെ കുതന്ത്രങ്ങൾ ഓരോന്നോരോന്നായി അവർ പുറത്തെടുക്കുമ്പോൾ നമ്മൾ അറിയാതെ അതിൽ പെട്ടുപോകും, പകച്ചു പോകും. നമ്മളിൽ നിന്ന് കിട്ടാവുന്ന കാര്യങ്ങൾ, അതായത് നമ്മുടെ വ്യക്തിപരവും കുടുംബപരവും, സാമൂഹ്യപരവും, ജോലിപരവും ആയ കാര്യങ്ങളെല്ലാം ചികഞ്ഞ് തോണ്ടിയെടുത്തതിന്ശേഷം അവർ നമുക്കെതിരെ നമ്മൾ അറിയാതെ വിഷം വമിപ്പിക്കും. ഇത്തരം ബന്ധങ്ങൾ, അത് ആര് തന്നെയായാലും ഉപേക്ഷിക്കുന്നതിന് യാതൊരു വൈമനസ്യവും കാണിക്കേണ്ട.
അതിൽ പശ്ചാത്താപം തോന്നേണ്ട ഒരു കാര്യവുമില്ല. നമ്മുടെയൊക്കെ ജീവിതത്തിലേക്ക് കടന്നുവരുന്ന എല്ലാവരും നമുക്ക് നല്ല അനുഭവങ്ങൾ മാത്രമല്ല സമ്മാനിക്കുന്നത്. ഇത്തരം മനുഷ്യർ നമ്മുടെ സമാധാനവും സന്തോഷവും നശിപ്പിക്കും.
നമ്മളെ മാനസികമായി തളർത്തുന്നവരെയും, നമ്മുടെ വിജയങ്ങളിൽ അസൂയപ്പെടുന്നവരെയും, എപ്പോഴും നമ്മളെ വിമർശിക്കുന്നവരെയും എത്രയും പെട്ടെന്ന് ഒഴിവാക്കിയില്ലെങ്കിൽ നമ്മൾ നമ്മളോട് തന്നെ ചെയ്യുന്ന അനീതിയാണ്.
എങ്ങനെയെങ്കിലും ഒക്കെ ആ സൗഹൃദം മുന്നോട്ട് കൊണ്ടുപോകാൻ നമ്മൾ മാത്രം ശ്രമിക്കുകയും അപ്പുറത്ത് നിന്ന് വേദനിപ്പിക്കുന്ന അനുഭവങ്ങൾ മാത്രം ലഭിക്കുകയും ചെയ്യുമ്പോൾ അവിടെ ഒരു അതിർത്തി നിശ്ചയിക്കണം എന്ന് സ്വാഭാവികമായും നമുക്ക് തോന്നും.
ഇത്തരം ആളുകളെ സഹിക്കുന്നത് നിവൃത്തികേട് കൊണ്ടല്ലേ.
അവരെ ഒഴിവാക്കണമെന്ന് വിചാരിച്ചാലും എവിടെനിന്നോ കടന്നുവരുന്ന കുറ്റബോധം നമ്മളെ അനുവദിക്കാറില്ല. സ്വസ്ഥതയും സമാധാനവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണമെങ്കിൽ ഇവരെ എന്നെന്നേക്കുമായി ജീവിതത്തിൽ നിന്നും പറിച്ചു കളയുക.
ഇവരെപ്പോലെയുള്ള ആളുകളെ ജീവിതത്തിൽ നിന്ന് പറിച്ചെറിഞ്ഞപ്പോൾ വലിയൊരു ഭാരം ഒഴിഞ്ഞതുപോലെ തോന്നിയെന്ന് അനുഭവസ്ഥർ അഭിപ്രായപ്പെടാറുണ്ട്.
സുഭാഷ് ടിആർ