'സൗഹൃദത്തിലേക്ക് പതുക്കെ മാത്രമേ എത്താവൂ, പക്ഷേ സൗഹൃദത്തിലായാല്‍ ഉറപ്പോടും സ്ഥിരതയോടും കൂടി തുടരുക'-ഇന്നത്തെ ചിന്താവിഷയം

രക്തബന്ധത്തിന് അപ്പുറത്ത് മനുഷ്യര്‍ക്ക് ഉള്ള ബന്ധുക്കളാണ് സുഹൃത്തുക്കള്‍. ചിലര്‍, പറയുന്നത് കേട്ടിട്ടില്ലേ, 'കൂടപ്പിറക്കാതെ പോയ സഹോദരനാണ്, സഹോദരിയാണ്' എന്നൊക്കെ. അത്രയ്ക്കും ആത്മബന്ധം ആയിരിക്കും ആ കൂട്ടുകാരനോടോ, കൂട്ടുകാരിയോടോ അവര്‍ക്ക് ഉള്ളത്. സുഹൃത്തുക്കള്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള ചങ്ങാതിമാര്‍ ധാരാളം ഉണ്ട്. സുഹൃത്തുക്കളുടെ ജീവന്‍ എടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരും ധാരാളം ഉണ്ട്. ഇന്നത്തെ കാലത്ത് അധികമാരെയും വിശ്വസിക്കാനും കൊള്ളത്തില്ല. പരിചിതരാണെങ്കിലും അപരിചിതരാണെങ്കിലും മനശുദ്ധി മനസ്സിലാക്കാന്‍ കാലതാമസം എടുക്കും. നല്ല മനസ്സുള്ളവര്‍ അന്യര്‍ക്ക് യാതൊരുവിധ ദോഷവും ഉണ്ടാകാന്‍ ആഗ്രഹിക്കാത്തവരാണ്. അങ്ങനെയുള്ളവര്‍, അവരുടെ കുലീനമായ സംസാരവും കുലീനമായ പെരുമാറ്റവും ഹൃദ്യമായ ചിരിയും കൊണ്ട് ആരെയും ആകര്‍ഷിക്കും. അവര്‍ അടുത്ത് വരുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും സ്‌നേഹവും ബഹുമാനവും അവരോട് തോന്നും. എന്നാല്‍ ഇതിന് വിപരീതമാണ് ചിലര്‍. അവരുടെ ശരീരഭാഷ തന്നെ എത്രയോ അരോചകം ആണ്. അവരുടെ സംസാരവും പെരുമാറ്റവും ഇടപെടലുകളും മറ്റും എന്തൊക്കെയോ ഉള്ളില്‍ ഒളിപ്പിച്ച് വെച്ച് സൗഹൃദത്തിന് വേണ്ടിയുള്ള അഭിനയമായിരുന്നു എന്ന് കാലം കുറെ മുന്നോട്ടു പോയി കഴിയുമ്പോഴേ അറിയാന്‍ പറ്റുകയുള്ളൂ. നല്ല മനസ്സുള്ളവര്‍, മറ്റുള്ളവരുടെ ദൈന്യതയും കഷ്ടപ്പാടും കണ്ട് അവര്‍ ചോദിക്കാതെ തന്നെ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. ആരില്‍ നിന്നും ഇവര്‍ പ്രതിഫലം മോഹിക്കാറുമില്ല. ഇത്തരക്കാര്‍ അത് അര്‍ഹിക്കുന്നതാണോ അല്ലയോ എന്ന് നോക്കാതെയാണ് ഉപകാരങ്ങള്‍ ചെയ്യുന്നത്. ഇത്തരം സഹായങ്ങള്‍ സ്വീകരിച്ചിട്ട്, പാല് കൊടുത്ത കൈയ്ക്കിട്ട് കൊത്തുന്ന സര്‍പ്പമായി ഇവര്‍ മാറുമ്പോള്‍ ആണ് കുണ്ഠിതം തോന്നുക. ഒരാളെ പരിചയപ്പെട്ട് കഴിഞ്ഞാല്‍ ഉടനേ തന്നെ അവരോട് സൗഹൃദത്തില്‍ ആവുന്നത് ഉചിതമല്ല, അഭികാമ്യമല്ല എന്ന് അനുഭവസ്ഥര്‍ പറയാറുണ്ട്. ആദ്യമേ സൂചിപ്പിച്ചവര്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ പോലെ ഉണ്ടായത് കൊണ്ട് ആയിരിക്കാം അവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. 'ആളെ അടുത്തറിയണം; പൊന്ന് ഉരച്ച് അറിയണം' എന്ന് കേട്ടിട്ടില്ലേ. ആളുകളെ പഠിക്കുക, ശരിക്കും മനസ്സിലാക്കുക. എന്നിട്ട് സൗഹൃദം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. പറ്റില്ല എങ്കില്‍ അത് അപ്പോള്‍ തന്നെ വിട്ടേക്കുക, മനസ്സമാധാനം ഉണ്ടാവും. കൂട്ടുകൂടാന്‍ പറ്റിയവരാണെങ്കില്‍ കൂട്ടുകൂടാം, എന്നും ചേര്‍ത്തു പിടിക്കാം.