"ക്ഷമിക്കുക, മനസ്സിലാക്കുക, എന്നാൽ വിഡ്ഢിയാകരുത്" ഇന്നത്തെ ചിന്താവിഷയം

 

 
sad

എല്ലാ മനുഷ്യരും  ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെന്നല്ലേ ആഗ്രഹിക്കുന്നത്. വലിയ ധനവാനായ ഒരാളെയാണല്ലോ   ജീവിതത്തിൽ വിജയിച്ച വ്യക്തിയെന്ന നിലയിൽ ഇന്ന് എല്ലാവരും കാണുന്നത്.

വളരെ കഷ്ടപ്പെട്ട് സമ്പാദിച്ച് ധനികൻ ആയാലും,  പാരമ്പര്യമായി സ്വത്തും ധനവും ഉള്ളവർ ആയാലും മനസ്സമാധാനവും സന്തോഷവും ഇല്ലെങ്കിൽ ആ ജീവിതം വിജയിച്ചു എന്ന് പറയാൻ പറ്റുമോ.? മനുഷ്യരുടെ സമാധാനവും സന്തോഷവും കെടുത്തുന്ന ആളുകൾ നമ്മളോടൊപ്പം എവിടെയും ഉണ്ടാകും.

വാക്കുകൾ കൊണ്ടും പ്രവൃർത്തികൾ കൊണ്ടും അവർ നമ്മളെ മുറിവേൽപ്പിക്കും, പുറകോട്ട് പിടിച്ചു വലിക്കും. മനുഷ്യരുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടാലും, അത് മനസ്സിലാക്കിയാലും അവർ വിട്ടുപോവുകയില്ല.  നമ്മളെ ഉപദ്രവിച്ചവരോടും വേട്ടയാടിയവരോടും  കരുണ കാണിക്കുമ്പോഴും നമ്മളെ സ്വയം  സംരക്ഷിക്കാനായി  "ക്ഷമിക്കുക മനസ്സിലാക്കുക എന്നാൽ വിഡ്ഢിയാകരുത്"എന്ന മൂന്നു കാര്യങ്ങൾ ഓർത്തു വെച്ചാൽ മതി. ക്ഷമ ആരുടെയും ദൗർബല്യമല്ല, അതേസമയം അത് ആന്തരിക ശക്തിയാണ്.

നമ്മളെ ഉപദ്രവിച്ചവരോട് ക്ഷമിക്കുമ്പോൾ നമുക്ക് തന്നെയല്ലേ ആശ്വാസം ലഭിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണല്ലോ ഓരോ മനുഷ്യരും കടന്നുപോകുന്നത്. ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ദേഷ്യവും പാകപ്പിഴകളും എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കിയാൽ പിന്നെ അവിടെ ഒരു പ്രശ്നവും ശേഷിക്കുകയില്ല. ഇന്നുമുതൽ നമ്മുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയേക്കാം എന്ന് വിചാരിച്ച് ക്ഷമിക്കുകയും മറ്റുള്ളവരെ മനസ്സിലാക്കുകയും ചെയ്യുന്നതൊക്കെ നല്ലതാണെങ്കിലും, അവർ നമ്മളെ ചൂഷണം ചെയ്യാൻ വന്നാൽ അതിന് അനുവദിക്കരുത്.  

നമ്മുടെ ഉള്ളിലെ നന്മയെ  മുതലെടുക്കാൻ അനുവദിച്ച് കൊടുത്താൽ നമ്മുടെ ആത്മാഭിമാനമാണ് നഷ്ടപ്പെടുന്നത്. ജീവിതത്തിൽ നല്ല ബന്ധങ്ങൾ ഉണ്ടാകാനും നിലനിർത്താനും പരസ്പര ധാരണയും, വിട്ടുവീഴ്ചയും ആവശ്യമാണ്. എന്നാൽ ഏതുതരം ബന്ധം ആയാലും, കൃത്യമായ അതിരുകളും അകലവും പാലിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരികയില്ല.

സുഭാഷ് ടിആർ

Tags

Share this story

From Around the Web