"വേദനകളെ മറക്കുക; പക്ഷേ വേദനകൾ പഠിപ്പിച്ച പാഠങ്ങളെ മറക്കാതിരിക്കുക.!" ഇന്നത്തെ ചിന്താവിഷയം

ജീവിതം ഒരു വലിയ പാഠശാലയാണ് എന്ന് പറയുന്നതിൽ തെറ്റില്ലല്ലോ. ഒരു മനുഷ്യൻ തൻ്റെ ജീവിതകാലത്ത് എന്തെല്ലാം അനുഭവിക്കുന്നുണ്ട് എന്ന് ഓർത്തുനോക്കൂ. സുഖത്തേക്കാളും സന്തോഷത്തേക്കാളും കൂടുതൽ, ദുഃഖവും വേദനയും ആയിരിക്കും ഓരോ മനുഷ്യനും അനുഭവിച്ചത് എന്ന് കാണാം.
ഒരാൾ അനുഭവിച്ച വേദനകൾ മറ്റുള്ളവർക്ക് മനസ്സിലാകണമെന്നില്ല. സമൂഹത്തിൽ മാന്യമായി ജീവിക്കണം എന്ന് ആഗ്രഹിക്കാത്തവർ ആരും ഇല്ല. തങ്ങളാൽ കഴിയുന്ന വിധം അവർ ആ മാന്യത പുലർത്തുകയും ചെയ്യും. എന്നാൽ തങ്ങൾക്ക് കിട്ടിയ ജീവിതം മനഃപൂർവം നശിപ്പിക്കുന്നവരും ഉണ്ട്.
അങ്ങനെയുള്ളവർ സമൂഹത്തിൽ മാന്യതയോ പദവിയോ സ്ഥാനമോ ഒന്നും ആഗ്രഹിക്കുന്നില്ല അഥവാ ആഗ്രഹിച്ചാലും ലഭിക്കുകയില്ല എന്ന് അറിയാമല്ലോ. നമ്മളുടെ ജീവിതത്തിൽ നമ്മൾ അനുഭവിച്ച വേദനകളും യാതനകളും കഷ്ടപ്പാടുകളും കാലം മായ്ച്ച്കളയും. കാലത്തിന് കഴിയാത്ത യാതൊന്നുമില്ല.
വേദനകളും യാതനകളും കഷ്ടപ്പാടുകളും നമുക്ക് മറക്കാം. ഈ വേദനകളും യാതനകളും കഷ്ടപ്പാടുകളും നമ്മളെ പഠിപ്പിച്ച പാഠങ്ങൾ ഉണ്ട്. ആ പാഠങ്ങൾ ഓർത്ത് ഉരുവിട്ടുകൊണ്ട് മുന്നോട്ട് ജീവിക്കുക.
സുഭാഷ് ടിആർ