"കാലത്തെ അതിജീവിച്ച ഓരോ കഥകൾക്ക് പിന്നിലും, കീഴടങ്ങുന്നതിന് പകരം പതറാതെ പിടിച്ചുനിൽക്കാൻ ഒരാൾ തീരുമാനിച്ച ഒരു നിമിഷം ഉണ്ട്" ഇന്നത്തെ ചിന്താവിഷയം
സുഭാഷ് ടിആർഓരോ മനുഷ്യരുടെയും ജീവിതം കഥകൾ നിറഞ്ഞതാണ്. വെറും കെട്ടുകഥകൾ അല്ല, ജീവിത യാഥാർത്ഥ്യങ്ങളുടെ, പൊള്ളിക്കുന്ന വേദനകളുടെ, കൈയ്പ് നിറഞ്ഞ അനുഭവങ്ങളുടെ ഘോഷയാത്രയാണ് ഓരോ മനുഷ്യ ജീവിതവും. കാലഘട്ടങ്ങളെ അതിജീവിക്കാൻ മനുഷ്യന് സാധിക്കുന്നത് അവൻ്റെ ആത്മബലം ഒന്നുകൊണ്ട് മാത്രമാണ്.
അവനിലെ പ്രതീക്ഷകളുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ആയിരിക്കും. ജീവിതത്തിൽ വിജയിച്ച ആളുകളെ കുറിച്ചുള്ള അഭിമുഖങ്ങൾ നമ്മൾ വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത് അവരുടെ ഒരു വശത്തെ മാത്രം വിജയം ആയിരിക്കാനേ സാധ്യതയുള്ളൂ. ജീവിതത്തിൽ വിജയിക്കുക എന്നുവെച്ചാൽ, ഏതെങ്കിലും ഒക്കെ ഒരു ബിസിനസ്സ് ചെയ്തു അളവില്ലാത്ത പണം സമ്പാദിച്ച ഒരു വ്യക്തി എന്ന കാഴ്ചപ്പാടാണ് എല്ലാവരിലും. പൊതുപ്രവർത്തകർ ആയാലും ബിസിനസ്സുകാർ ആയാലും ജോലികളിൽ ഏർപ്പെടുന്നവർ ആയാലും അവരവരുടെ മേഖലയിൽ പ്രാവീണ്യം തെളിയിച്ചത് അവരുടെ ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമായിരിക്കും.
വളരെ നിസ്സാരരെന്ന് സമൂഹം കരുതിയ ആളുകൾ, വ്യക്തികൾ ഒരു സുപ്രഭാതത്തിൽ വലിയ ഒരു വ്യക്തിത്വമായി മാറുമ്പോൾ നമ്മൾക്ക് അത്ഭുതം തോന്നാറില്ലേ. ഓരോ മനുഷ്യ ജീവിതത്തിന് പുറകിലും കാലാതീതമായ കഥകൾ പറയാനുണ്ടാവും. ഇന്ന് സമൂഹം ആദരിക്കുന്ന ഒരു വ്യക്തിയുടെ പുറകിൽ അയാളുടെ പതറാത്ത മനസ്സാണ്.
വിധിയുടെ, അല്ലെങ്കിൽ തിരിച്ചടികളുടെ കുത്തൊഴുക്കിൽ തകർന്ന് പോയേക്കാവുന്ന ജീവിതത്തെ, പിടിച്ചുനിർത്തിയത് അയാളുടെ ധൈര്യം ഒന്നുകൊണ്ടു മാത്രമാണ്. ഒരിക്കലും തോൽക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്ത് കൊണ്ട് ജീവിതത്തെ അതിജീവിക്കണമെന്ന് ആഗ്രഹിച്ച ആ നിമിഷമാണ് ആ വ്യക്തിയുടെ ജീവിത വിജയത്തിന് പുറകിൽ എന്നതിന് സംശയമില്ലല്ലോ.