"ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക"  ഇന്നത്തെ ചിന്താവിഷയം

 

 
happy

ഏതാനും പതിറ്റാണ്ടുകൾ മുമ്പ് വരെ,  ജനങ്ങൾ എത്ര സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത് എന്ന് എപ്പോഴെങ്കിലും  ഓർക്കാറുണ്ടോ.? പരസ്പര സ്നേഹവും കരുതലും കൊണ്ട് സാമൂഹ്യ ജീവിതത്തെ ഒന്നിച്ചുനിർത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ജനനവും വിവാഹവും പാലുകാച്ചലും ഏവരെയും ആഹ്ലാദിപ്പിച്ചിരുന്നു.

അതേപോലെ മരണവും ആളുകളെ ഏറെ വേദനിപ്പിച്ചിരുന്നു. അയൽക്കാരൻ ഒരു പുതിയ വാഹനം വാങ്ങിയാൽ ''തങ്ങൾ വാങ്ങിയത്" പോലെ സന്തോഷിക്കുമായിരുന്നു. മിടുക്കൻമാരായ കുട്ടികളുടെ വിജയത്തിലും നേട്ടത്തിലും എല്ലാവരും അഭിമാനിച്ചിരുന്നു. എല്ലാ കുട്ടികളെയും തങ്ങളുടെ സ്വന്തം കുട്ടികൾ എന്ന് കരുതി, ആരും പറയാതെ തന്നെ എല്ലാവരും അവർക്ക് കാവലായി.

മക്കൾ  സുരക്ഷിതരായിരുന്ന ഒരുകാലമായിരുന്നു അത്. ഇന്ന് ലോകം  മനുഷ്യരുടെ വിരൽ തുമ്പിലേക്ക്  ഒതുങ്ങിയപ്പോൾ മനുഷ്യബന്ധങ്ങളും ചുരുങ്ങിപ്പോയി. ആർക്കും ആരെയും കാണുവാനോ സ്നേഹം പങ്കിടുവാനോ സമയമില്ലാതായിരിക്കുന്നു.  ആഘോഷങ്ങളും വിജയങ്ങളും വലിയ രീതിയിൽ കൊണ്ടാടുമ്പോഴാണ് സന്തോഷം ലഭിക്കുന്നത് എന്ന് പുതിയ തലമുറ വൃഥാ കരുതുന്നു. അവരുടെ ചുറ്റും നടക്കുന്നത് എന്താണെന്ന് അവർ  അറിയുന്നില്ല. കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും പറ്റുന്നില്ല.

നല്ല ജോലിയും വീടും വാഹനവും എല്ലാം  സന്തോഷം തരുന്നതാണ്. അതൊക്കെ ജീവിതത്തിലെ സ്വാഭാവികമായ നേട്ടങ്ങൾ ആണല്ലോ.  പ്രഭാതവും ഇളം വെയിലും നിലാവും  മഴയും കുളിരും പെരുന്നാളുകളും ഉത്സവങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങൾ നൽകിയിരുന്ന കാലം വിസ്മൃതിയിലേക്ക് പോകുന്നത് കാണുമ്പോൾ ആശങ്ക ഉണ്ടാകുന്നുണ്ടോ.? 

തിരക്കുകൾക്കിടയിൽ നഷ്ടമാക്കുന്ന  ഇത്തരം ധന്യ നിമിഷങ്ങളിൽ സന്തോഷിക്കാൻ കൂടണയുന്നവരും ഉണ്ടാവും. ജീവിതം വെട്ടിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ ഭാവിസ്വപ്നങ്ങളെയും, നഷ്ടപ്പെട്ടു പോയ ഭൂതകാലത്തെയും  ഓർത്ത് വേവലാതി കൊള്ളാതെ, ഈ നിമിഷത്തിൽ സന്തോഷം കണ്ടെത്തി ജീവിക്കുക. ജീവിതം വലിയ വിജയങ്ങളുടെ മാത്രമല്ല, ചെറിയ നേട്ടങ്ങളുടെയും കൂടിയാണ് എന്ന് ഓർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web