"വിശ്വാസം പോരാട്ടങ്ങളെ ഇല്ലാതാക്കുന്നില്ല; അത് നമ്മെ മുന്നോട്ട് നയിക്കുന്നു" ഇന്നത്തെ ചിന്താവിഷയം 
 

 
Prayer

മനുഷ്യ ജീവിതം എന്നും പോരാട്ടങ്ങളുടേതാണ്. ഓരോ മനുഷ്യന്റെയും വ്യത്യസ്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്  വേണ്ടിയുള്ള പോരാട്ടം. ജീവിതത്തിൽ വിജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ അല്ലേ.?

രാഷ്ട്രീയക്കാർ സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ  വേണ്ടി, അധികാരം നിലനിർത്താൻ വേണ്ടി ഏതൊക്കെ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നറിയാമല്ലോ.  രാഷ്ട്രങ്ങൾ ആകട്ടെ, മറ്റ് രാഷ്ട്രങ്ങളോട്  പോരാടുന്നത് മേൽക്കോയ്മയ്ക്ക് വേണ്ടിയും, അവരുടെ സമ്പത്ത് കവരുന്നതിനു വേണ്ടിയും, അതല്ലെങ്കിൽ  ജനങ്ങൾക്ക് ഭീഷണിയാകുന്നത് അവസാനിപ്പിക്കാനും വേണ്ടിയുള്ള  യുദ്ധങ്ങളും ആകാം.

വ്യക്തികൾ, അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും,  നിലനിൽപ്പിനും ജീവ സന്ധാരണത്തിനും, സുഖലോലുപതയ്ക്കും  വേണ്ടി പോരാടുന്നു. ഓരോരുത്തർക്കും പറയാനുള്ളത് അവരുടെ പോരാട്ടങ്ങളുടെ വീര കഥയാണ്. പോരാട്ടങ്ങളിൽ പരാജയപ്പെട്ടേക്കാം. ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നവനാണ് യഥാർത്ഥ പോരാളി.

ജീവിതത്തിൽ ഒരുവൻ നേരിടേണ്ടി വന്ന സമാനതകളില്ലാത്ത സങ്കടങ്ങളിൽ നിന്ന്, അവൻ അതിശക്തനും വിവേകമുള്ളവനും ആയി ഉയർത്തെഴുന്നേൽക്കുമ്പോൾ, അവൻ്റെ മുന്നിൽ അവനെ പരാജയപ്പെടുത്തിയ പ്രശ്നങ്ങൾ നിഷ്പ്രഭമാകും. വിശ്വാസത്തോടെ എനിക്കതിനെ അതിജീവിക്കാൻ കഴിയും എന്ന ഉത്തമ വിശ്വാസത്തോടെ, ഉത്തമ ബോധ്യത്തോടെ പോരാടുമ്പോഴാണ് തോൽവികൾ നമ്മുടെ മുന്നിൽ അടിയറ വയ്ക്കുന്നത്. വിശ്വാസം എന്നത്, അത് ഓരോരുത്തരുടെയും കാഴ്ചപ്പാട് അനുസരിച്ചാണല്ലോ.  

ചിലർ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുമ്പോൾ, മറ്റു ചിലർ പ്രവർത്തികളിലും, അവനവൻ്റെ കഴിവുകളിലും  വിശ്വസിക്കുന്നു. എന്തുതന്നെയായാലും വിശ്വാസം അതാണ് പ്രധാനം. വിശ്വാസം ഉള്ളതുകൊണ്ടാണ് പലരും വീഴ്ചകളിൽ നിന്നും തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നത്. മനുഷ്യനെ മുന്നോട്ടു പോകാൻ സഹായിക്കുന്നത്  വിശ്വാസമാണ്. നിങ്ങളുടെ  വിശ്വാസമല്ലേ നിങ്ങളെ, നിങ്ങൾ ആക്കിയ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നത്.!

സുഭാഷ് ടിആർ

Tags

Share this story

From Around the Web