"വിശ്വാസം സത്യത്തിൽ തുടങ്ങി സത്യത്തിൽ അവസാനിക്കുന്നു"ഇന്നത്തെ ചിന്താവിഷയം
നിങ്ങൾ ആയിരിക്കുന്നിടത്ത് വിശ്വസ്തത പുലർത്തുക എന്ന ശ്രദ്ധേയമായ വാചകം എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. എല്ലാ മനുഷ്യരും പുലർത്തേണ്ടതാണ് വിശ്വാസം. പരസ്പര വിശ്വാസം ഇല്ലാത്തിടത്ത് ബന്ധങ്ങൾ യാന്ത്രികമായിരിക്കും. മറ്റൊരുതരത്തിൽ പറഞ്ഞാൽ ആ ബന്ധങ്ങൾ ബന്ധനങ്ങൾ ആവും.
വിശ്വാസവും സത്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. തൈത്തിരിയോപനിഷത്തിലെ, ശിക്ഷാവല്ലിയിൽ ഇപ്രകാരം പറയുന്നു, "സത്യം വദഃ ധർമ്മം ചരഃ" പൗരാണിക ഭാരതത്തിൽ, ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് ശിഷ്യർ സ്വഭവനത്തിലേക്ക് മടങ്ങുമ്പോൾ ഗുരു ശിഷ്യന്മാർക്ക് കൊടുക്കുന്ന ഉപദേശമായിരുന്നു ഇത്.
"എപ്പോഴും സത്യം മാത്രം പറയുക, ധർമ്മം ആചരിക്കുക, നീതിപുലർത്തുക" സത്യം ദൈവമാണ്, ധർമ്മം ആചരിക്കുന്നതിലൂടെ ദൈവപ്രീതിക്ക് വഴിയൊരുക്കും എന്ന് മാത്രമല്ല മനുഷ്യജീവിതം കെട്ടിപ്പിടിക്കുന്നതിനുള്ള അടിസ്ഥാന മൂല്യങ്ങളുമാണ് ഇവ. ഇന്ന് സത്യവും വിശ്വാസവും ഇല്ലാതായിരിക്കുന്നു. സത്യം പറയുന്നവനെ എല്ലാവരും വിശ്വസിക്കാറുണ്ട്.
അധാർമ്മിക പ്രവർത്തികൾ ചെയ്യുന്നവരെ ആട്ടിയോടിക്കാറുമുണ്ട്. വിശ്വാസം, എവിടെ എപ്പോൾ നഷ്ടപ്പെടുന്നുവോ അവിടെ സകലതും അവസാനിക്കും. സത്യമേവ ജയതേ എന്ന് കേട്ടിട്ടുണ്ടല്ലോ. ചുരുക്കിപ്പറഞ്ഞാൽ, ഒരാളോടുള്ള വിശ്വാസം അവൻ്റെ സത്യസന്ധതയുടെ ആഴത്തിന് അനുസരിച്ചായിരിക്കും.
എപ്പോൾ ഒരുവൻ സത്യത്തിൽ നിന്നും പിന്മാറുന്നുവോ, അവനോടുള്ള വിശ്വാസം അവിടെ അവസാനിക്കും, എന്നെന്നേക്കുമായി അവസാനിച്ചിരിക്കും എന്ന് ഓർക്കുക.
സുഭാഷ് ടിആർ