"വിശ്വാസവും പ്രാർത്ഥനയും അദൃശ്യമാണ്, പക്ഷേ അവ അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുന്നു" ഇന്നത്തെ ചിന്താവിഷയം
നമ്മൾ വസിക്കുന്ന ലോകത്ത് അഗോചരമായ പലതും ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന് വായു. വായുവിനെ കാണാൻ പറ്റത്തില്ല, എന്നാൽ വായു ഇവിടെയുണ്ട് താനും. നേരിൽ കാണുന്നത് മാത്രം വിശ്വസിക്കുന്ന പല മനുഷ്യരും ഉണ്ട്. നേരിൽ കാണുന്നത് പോലും സത്യമല്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അപ്പോൾ വിശ്വാസമാണ് എല്ലാത്തിനും ആധാരം.
പോസിറ്റീവ് ചിന്തകളും നെഗറ്റീവ് ചിന്തകളും മനുഷ്യമനസ്സിൽ മാറിയും മറിഞ്ഞും കടന്നുവരാറുണ്ട്. എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ പോകുന്നതിനു മുമ്പ്, അത് ശരിയാകുമോ, വിജയിക്കുമോ എന്നൊക്കെയുള്ള, ചോദ്യങ്ങൾ മനസ്സിൽ ഉയർന്നുവരും. ഉദ്ദേശിച്ച കാര്യം നടക്കും എന്ന് ഉറച്ചു വിശ്വസിച്ചാൽ, ഈ കാര്യം നടക്കണേ എന്ന് ആവർത്തിച്ച് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നാൽ എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും പ്രസ്തുത കാര്യം സാധിച്ചിരിക്കും. എത്രയോ അനുഭവങ്ങൾ നമുക്ക് അറിയാവുന്നവർ തന്നെ നമ്മളോട് പറയാറില്ലേ.
"വിശ്വസിച്ചാൽ നീ ദൈവത്തിൻ്റെ മഹത്വം കാണും" എന്ന് യോഹന്നാൻ പ്രവാചകൻ്റെ പുസ്തകത്തിൽ, പതിനൊന്നാം അധ്യായത്തിൽ നാല്പതാം വാക്യം നമ്മളോട് പറയുന്നുണ്ട്. മരിച്ച് കല്ലറയിൽ അടക്കിയ ലാസറിനെ നാലാം ദിവസം ഉയർത്തെഴുന്നേൽപ്പിച്ച യേശു, ലാസറിന്റെ സഹോദരി മാർത്തയോട് പറഞ്ഞ വചനമാണ് ഇത് എന്ന് അറിയാമല്ലോ.
വിശ്വാസികളെ ഓരോരുത്തരെയും ഇന്നും കോരിത്തരിപ്പിക്കുന്നു ഈ വചനം. നമ്മുടെ കൈപിടിച്ച് ദൈവത്തിൻ്റെ സന്നിധിയിലേക്ക് നയിക്കുന്നു ഈ വചനം. അവിശ്വാസികളെയും ഈ വചനം മാടിവിളിക്കുന്നു. ദൈവത്തിൻ്റെ സന്നിധിയിൽ ചെന്നാൽ, മനസ്സ് നിറയെ ദൈവത്തിന് സ്തുതിയും സ്തോത്രവും ആരാധനയും ആയിരിക്കും. പ്രാർത്ഥനയും വിശ്വാസവും ഒന്നിച്ചു ചേരുമ്പോൾ അസാദ്ധ്യം എന്ന് കരുതുന്ന കാര്യങ്ങൾ പോലും സാദ്ധ്യമാക്കി തരും.
ലാസറിനെ ഉയർപ്പിച്ചത് പോലെയുള്ള അവിശ്വസനീയമായ ദൈവത്തിൻ്റെ ഇടപെടലുകൾ നിങ്ങളുടെ ജീവിതത്തിലും വെളിപ്പെടുത്തി തരും. വിശ്വസിക്കുക, വിശ്വാസത്തോടെ പ്രവർത്തിക്കുക, വിശ്വാസത്തോടെ ജീവിക്കുക, വിശ്വാസത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുക. "ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല" ( ലൂക്കാ 1:37)
സുഭാഷ് ടി ആർ