"എല്ലാം ഒടുവിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു" ഇന്നത്തെ ചിന്താവിഷയം

 

 
NATURE

പ്രപഞ്ചത്തിലെ ഓരോ ചലനവും, കാറ്റും വെളിച്ചവും, മനുഷ്യരുടെ ജീവിതവും തമ്മിൽ അദൃശ്യമായ ഒരു ബന്ധം ഉണ്ട് എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.? 
പുറമേ യാതൊരു ബന്ധവുമില്ലെന്ന് തോന്നിയാലും  ഒടുവിൽ എല്ലാം ഒരു പോയ്ന്റിൽ അവസാനിക്കും  എന്നത് പ്രപഞ്ചത്തിന്റെ  പൊതുനിയമമാണ്.

നമ്മുടെ തന്നെ ജീവിതത്തെയും,  ലോകത്തെയും ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം ബന്ധങ്ങൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് പ്രകൃതിയിലാണ്.  ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന ചലനങ്ങൾ  മറ്റൊരിടത്ത് വലിയൊരു മാറ്റത്തിന് കാരണമാകാം.

മണ്ണും മഴയും പുഴയും വെയിലും മഞ്ഞും കാറ്റും മനുഷ്യരും തമ്മിലുള്ള ബന്ധം വേർപെടുത്താനാവാത്തതാണ്. നമ്മൾ പിറന്ന് വീഴുന്നതു തന്നെ പ്രകൃതിയിലേക്ക് ആണല്ലോ. മനുഷ്യർ പ്രകൃതിക്ക് കൊടുക്കുന്നത് എന്തുതന്നെയായാലും ഏതെങ്കിലും രൂപത്തിൽ മനുഷ്യരിലേക്ക് തന്നെ തിരിച്ചെത്തും. 

നമ്മുടെയൊക്കെ വ്യക്തിജീവിതത്തിലും ഇത് അനുഭവപ്പെടാറുണ്ട്.   പരാജയവും, നിരാശയും, ചതിയും വഞ്ചനയും  അപ്രതീക്ഷിത സമാഗമങ്ങളും വെറും വെറുതെയാണെന്ന് തോന്നാം. യാതൊരു കഴമ്പും ഇല്ല എന്ന് തോന്നാം. പിന്നീട് എന്നെങ്കിലും  അതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ്, അന്നത്തെ അനുഭവങ്ങൾ ആണല്ലോ ഞാൻ എന്ന വ്യക്തിയെ രൂപാന്തരപ്പെടുത്തിയത് എന്ന് ആശ്ചര്യത്തോടെ തിരിച്ചറിയുന്നത്.

ഇന്നത്തെ നിലയിലേക്ക് എത്താൻ നാമറിയാതെ പരസ്പരം  കണ്ണികളാവുകയായിരുന്നുവല്ലോ. നമ്മുടെ ഓരോ ചലനങ്ങളും, ചിന്തകൾ ആകട്ടെ, പ്രവൃത്തികൾ ആകട്ടെ ഇതെല്ലാം പ്രപഞ്ചത്തിന്റെ നിയോഗ പ്രകാരമാണ്. ഇന്ന് നമ്മൾ ചെയ്യുന്ന ചെറിയ നന്മകൾ,  നാളെ വരാനിരിക്കുന്ന വലിയ നന്മയുടെ തുടക്കമാകും. കാരണം, ആദ്യം പറഞ്ഞതുപോലെ  ഒടുവിൽ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നത് തന്നെ.

സുഭാഷ് ടിആർ

Tags

Share this story

From Around the Web