"നിങ്ങൾ കണ്ടുമുട്ടുന്ന ഓരോരുത്തരും നിങ്ങളുടെ ജീവിതയാത്രയുടെ ഭാഗമാണ്, എന്നാൽ അവരെല്ലാവരും നിങ്ങളുടെ ജീവിതത്തിൽ എന്നും തുടരേണ്ടവരല്ല" ഇന്നത്തെ ചിന്താവിഷയം
നമ്മുടെ ജീവിത കാലത്ത് അനേകം പേരെ കാണാറുമുണ്ട്, പരിചയപ്പെടാറുമുണ്ട്.
മനുഷ്യജീവിതം അവസാനമില്ലാത്ത ഒരു യാത്രയാണ് എന്ന് പറഞ്ഞാൽ വിയോജിപ്പുണ്ടാകുമോ. ഈ യാത്രയിൽ സുഹൃത്തുക്കളായും, സഹപാഠികളായും, അയൽക്കാരായും, സഹപ്രവർത്തകരായും, ഇഷ്ടക്കാരായും, അതുമല്ലെങ്കിൽ അപരിചിതരായി ഓർക്കാപ്പുറത്ത് വരുന്നവരും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാറുണ്ട്.
എന്നാൽ അവരിൽ ആരൊക്കെ നമ്മോട് കൂടെ എന്നും ഉണ്ടാകുമെന്ന് പ്രവചിക്കാൻ പറ്റത്തില്ലല്ലോ. ചിലർ നമ്മളോടൊപ്പം കുറച്ചു നാൾ ഒപ്പം സഞ്ചരിച്ചേക്കാം, മറ്റ് ചിലർ അവരുടെ ലക്ഷ്യസ്ഥാനം കണ്ടെത്തിക്കഴിഞ്ഞാൽ യാത്ര പറഞ്ഞു പോകും. എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.
നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തിക്കും ചില നിയോഗങ്ങൾ ഉണ്ടാവും. ചിലർ നമ്മളെ സ്നേഹിക്കാൻ പഠിപ്പിക്കുമ്പോൾ, ചിലർ സന്തോഷം തരുന്നു. എന്നാൽ മറ്റുചിലർ തരുന്ന വേദനകൾ ഒരിക്കലും മറക്കാത്ത പാഠഭാഗങ്ങളാണ്.
നമ്മളെ ഇല്ലാതാക്കാൻ ശ്രമിച്ചവരും കൈപിടിച്ചുയർത്തിയവരും ഒരുപോലെ പ്രധാനപ്പെട്ടവരാണ്. കാരണം അവരാണ് നമ്മളെ ജീവിതം പഠിപ്പിച്ചത്. ഉപേക്ഷിച്ചു പോയവരെ ഓർത്ത് വിഷമിക്കേണ്ട ആവശ്യമില്ല. അവർ നമ്മളെ പഠിപ്പിച്ച പാഠങ്ങൾക്കും, അവർ നൽകിയ നല്ല ഓർമ്മകൾക്കും നന്ദി പറയാം.
സുഭാഷ് ടിആർ