"നിങ്ങളുടെ തുടർച്ചയായ ചിന്തകളിൽ ഓരോ തവണയും ഇടവേള കൊടുക്കുമ്പോൾ, നിങ്ങളുടെ ബോധമണ്ഡലം കൂടുതൽ ശക്തമാകുന്നു" ഇന്നത്തെ ചിന്താവിഷയം
മനനം ചെയ്യുന്നവൻ ആയത് കൊണ്ടാണ് മനുഷ്യൻ എന്ന പേര് വന്നത് എന്ന് അറിയാമല്ലോ. മനനം ചെയ്യുക എന്ന് പറഞ്ഞാൽ ചിന്തിക്കുക എന്ന് അർത്ഥം. മനുഷ്യരുടെ വിചാരധാരകളിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ആയിരുന്നു, ലോകത്തെ മുന്നോട്ടു നയിച്ചിരുന്നത്, ഇപ്പോൾ നയിച്ചു കൊണ്ടിരിക്കുന്നതും. പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവം മുതൽ, ഈ നൂറ്റാണ്ടിലെ ഇലക്ട്രോണിക്സ് വിപ്ലവം വരെ എത്തിനിൽക്കുന്ന കാലയളവിൽ ലോകം വളരുകയായിരുന്നു, വികസിക്കുകയായിരുന്നു.
ഭൂമിയിൽ നിന്നും മനുഷ്യൻ കുതിച്ച് ഉയർന്ന് ബഹിരാകാശത്ത് ഭൂമിയെ വലം വെച്ച് ചന്ദ്രനിൽ പാദമുദ്ര പതിപ്പിച്ചു. ഭൂമിയിൽ നിന്ന് കൊണ്ട് തന്നെ ചൊവ്വാ ഗ്രഹത്തിൻ്റെ തുടിപ്പുകൾ അറിയുന്നു, നക്ഷത്ര സമൂഹങ്ങളിലെ പുത്തൻ തലമുറക്കാരെ തിരയുന്നു, ചിലരെ പേര് വിളിക്കുന്നു.! അത് പോലെ ആരോഗ്യരംഗത്തും, ആയുധ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും തുടങ്ങി ഒട്ടേറെ പുതിയ പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും ഉണ്ടാകുന്നു.
ഇത്തരം കാര്യങ്ങളെല്ലാം എല്ലാവരുടെയും വിരൽത്തുമ്പിൽ ഉള്ളതിനാൽ അധികം ഒന്നും വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. മനുഷ്യൻ്റെ യുക്തിയുടെയും ചിന്തയുടെയും കൂടിച്ചേരലുകളിൽ നിന്നുള്ള ഏറ്റവും മികച്ച സംഭാവനകൾ ആണ് ഇന്ന് ഈ കാണുന്ന നിലയിലേക്ക് ലോകം എത്തിയതിന് പിന്നിൽ. യന്ത്രങ്ങൾ ആയാലും മനുഷ്യനായാലും വിശ്രമം അനിവാര്യമാണ്. അവ വിശ്രമം ആവശ്യപ്പെടുകയും ചെയ്യും. മനുഷ്യരുടെ ചിന്താധാരകൾ അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരിക്കുകയാണല്ലോ. അതിൽ പണ്ഡിത, പാമര ഭേദമില്ല താനും.
ചിന്തകൾക്ക് വിശ്രമിക്കാനായി അവസരം കൊടുത്താൽ നന്നായിരിക്കും. ഒരേ കാര്യത്തിൽ തന്നെ മനസ്സ് കേന്ദ്രീകരിച്ചാൽ മന്ദത അനുഭവപ്പെടാം. ചിന്തകളെ വേറെ എവിടെയെങ്കിലും കുറച്ചുനേരം മാറ്റിനിർത്തിയാൽ പുതിയതും മികച്ചതുമായ ആശയങ്ങൾ ലഭിക്കും. അത് വ്യക്തിജീവിതത്തിലെ നേട്ടങ്ങൾക്ക് വേണ്ടി ആയാലും, രാജ്യ താൽപര്യത്തിനു വേണ്ടിയായാലും മികച്ച സംഭാവനകൾക്ക് വഴിയൊരുക്കും. അതുകൊണ്ട് ചിന്തകളെ ഇടയ്ക്ക് മാറ്റി പാർപ്പിക്കുക. ബോധമണ്ഡലം നവ്യമായ ചിന്തകൾ കൊണ്ട് നിറയുമ്പോൾ നിങ്ങൾ കൂടുതൽ ശക്തനാകും എന്ന് അറിയുക.
സുഭാഷ് ടിആർ