"ഒടുവിൽ, നമ്മളെല്ലാം ആരുടെയൊക്കെയോ ജീവിതത്തിലെ കഥകളായി മാറി"ഇന്നത്തെ ചിന്താവിഷയം
നമ്മൾ ഈ ഭൂമിയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും, പുലരികളും സന്ധ്യകളും രാത്രികളും നിലാവും കാറ്റും മഴയും വെയിലും മഞ്ഞും കുളിരും എല്ലാം പതിവുപോലെ മുറുതെറ്റാതെ ഉണ്ടാവും.
കാലമെന്ന മായാജാലക്കാരന്റെ മാന്ത്രിക വടിയുടെ ചലനത്തിനൊത്ത് ജീവിക്കുന്ന മനുഷ്യൻ എന്തിന് അഹങ്കരിക്കണം. അപാരമായ കഴിവും ബുദ്ധിയും ഉണ്ട് എന്ന് അവകാശപ്പെടുന്ന മനുഷ്യൻ, വിധിയുടെ മുന്നിൽ നിസ്സഹായനാകുന്ന നിമിഷങ്ങളും വന്നു ചേരാറില്ലേ.
നനാജാതി പറവകളും ജന്തുക്കളും സസ്യ ജാലങ്ങളും മനുഷ്യനൊപ്പം പങ്കിടുന്ന ഭൂമി എന്ന അതിവിശാലമായ ഈ നാടകവേദിയിൽ കളിക്കുന്ന നാടകത്തിലെ, കഥയും തിരക്കഥയും ചമയങ്ങളും ചായങ്ങളും സംവിധാനവും ഒരുക്കിയ കലാകാരൻ വാർത്തെടുക്കുന്ന കഥാപാത്രങ്ങളല്ലേ ഓരോ മനുഷ്യരും.
വ്യത്യസ്ത ജാതി സമൂഹങ്ങളിൽ പെട്ട പക്ഷി മൃഗാദികൾ അവരവരുടെ പരിമിതികളും അതിർത്തികളും ലംഘിക്കാതെ ജീവിച്ചു പോരുന്നത് കാട്ടിലെ അലിഖിത നിയമപ്രകാരമല്ലേ. അതേസമയം മനുഷ്യർ സ്വയം സംസ്കാരസമ്പന്നരെന്ന് അഹങ്കരിക്കുമ്പോഴും, മൃഗങ്ങൾക്കിടയിലെ നന്മകളോ, കരുതലോ അവനിൽ ഉണ്ടോ എന്ന് സ്വയം ചോദിയ്ക്കാം.
ആരോടും എന്തും ആകാം എന്നുള്ള ചിന്തകൾ മനുഷ്യരിൽ വന്നു ചേർന്നിട്ടുണ്ടല്ലോ. ഓരോ മനുഷ്യജന്മവും ഓരോ നിയോഗത്തിനു വേണ്ടിയുള്ളതാണ്.
ആ നിയോഗത്തിനനുസരിച്ചുള്ള പ്രവർത്തികളാണ് അവൻ ചെയ്യുന്നതും. ക്ഷണികമായ ജീവിതകാലത്ത് മനുഷ്യർ ചെയ്യുന്ന എല്ലാ പ്രവർത്തികളും കാലത്തിൻ്റെ കണക്ക് പുസ്തകത്തിൽ പിന്നീട് ഓർക്കാൻ വേണ്ടി എഴുതി വെയ്ക്കില്ലേ.
ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിപ്പിച്ച് പോകുമ്പോൾ നാളെകളിൽ നമ്മളെല്ലാം കഥകൾ മാത്രമാകില്ലേ, ആരുടെയൊക്കെയോ ജീവിതത്തിലെ കഥകളായി, കഥാപാത്രങ്ങളായി മാറുന്നവർ.!
സുഭാഷ് ടിആർ