"സിംഹം പോലും ഈച്ചകളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നു" ഇന്നത്തെ ചിന്താവിഷയം 

 

 
think

ഈ ആഫ്രിക്കൻ പഴമൊഴി പലരും കേട്ടിട്ടുണ്ടാകാം.
"അടി തെറ്റിയാൽ ആനയും വീഴും" എന്ന നമ്മുടെ പഴഞ്ചൊല്ലും   കേട്ടിട്ടുണ്ടാവും. എത്ര ശക്തിയുള്ളവരാണെങ്കിലും, നില തെറ്റിയാൽ, അല്ലെങ്കിൽ അടി പറിഞ്ഞാൽ താഴെ വീഴും.

സഞ്ചരിക്കാൻ കഴിയാത്ത മഹാവൃക്ഷങ്ങളും  വേരുകൾ ഇളകിയാൽ പിഴുതെറിയപ്പെടില്ലേ. നിത്യ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന കൊച്ചു കൊച്ചു പ്രതിസന്ധികളെ അവഗണിക്കാതിരിക്കുന്നതാണ് എല്ലാം കൊണ്ടും നല്ലത് എന്നാണ് ആഫ്രിക്കൻ പഴമൊഴി നമ്മെ ഓർമിപ്പിക്കുന്നത്.  വനത്തിലെ രാജാവായ സിംഹം പോലും തനിക്ക് ശല്യമായി മാറുന്ന ഈച്ചകളെ ആട്ടിയോടിക്കാറുണ്ട്. താൻ കാട്ടിലെ രാജാവാണ്, എല്ലാവരും എന്നെ അംഗീകരിച്ചോണം  എന്നൊന്നും സിംഹം ഈച്ചയോട്  പറയാറില്ലല്ലോ.

പകരം ആ ഈച്ചയെ വളരെ തന്ത്രപരമായി ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്. കാര്യം ചെറിയ ഈച്ച ആണെങ്കിലും ആ ജീവിയുടെ ശല്യം കാരണം സിംഹത്തിൻ്റെ സമാധാനമാണ് നഷ്ടപ്പെടുന്നത്.  സ്വസ്ഥതയും  സന്തോഷവും ആണ് നഷ്ടപ്പെടുന്നത്. മനുഷ്യരുടെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെയാണ്. ഇന്ന്  നമ്മൾ അവഗണിക്കുന്ന ചെറിയ പ്രശ്നങ്ങൾ നാളെ വളർന്നു വലുതാകാൻ സാധ്യതയുണ്ടാകും. അത് നമ്മുടെ വളർച്ചയെയും  പുരോഗതിയെയും മന്ദീഭവിപ്പിക്കും. ഒരു പടി മുന്നോട്ട് കയറാൻ തുടങ്ങുമ്പോഴാണ്  ഈ പ്രശ്നം  ബാധിക്കുന്നത്.

നിസ്സാരമെന്നു കരുതി തള്ളിക്കളഞ്ഞ അല്ലെങ്കിൽ ശ്രദ്ധിക്കാതിരുന്ന  കാര്യങ്ങൾ വലിയ ഗുരുതരമായ പ്രശ്നങ്ങളായി  മുന്നിൽ വഴിമുടക്കി നിയ്ക്കും. എപ്പോഴും ജാഗരൂകരായിരിക്കുക. ചുറ്റുപാടും നിരീക്ഷിക്കുക. ഇന്നത്തെ ലോകത്ത് ആർക്കും ആരെയും വിശ്വാസമില്ലാതെ വരികയാണ്. വായിൽ നിന്ന് വീഴുന്ന ഒരു വർത്തമാനം, ഒരു വാക്ക് ചിലപ്പോൾ നമുക്ക് വലിയ പ്രതിസന്ധികൾ നാളെകളിൽ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ഓരോ നിമിഷവും സസൂക്ഷ്മം നിരീക്ഷിച്ചും പഠിച്ചും മുന്നേറാൻ മറക്കരുത്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web