"വേദന ആത്മാവിനെ ബാധിച്ചാലും മനസ്സില്‍ സൗമ്യത പാലിക്കുക; ഒരു മുറിവുപോലും നിങ്ങള്‍ ആരാണെന്നതിന്റെ പവിത്രമായ സത്തയെ മാറ്റാതിരിക്കട്ടെ" ഇന്നത്തെ ചിന്താവിഷയം 
 

 
man

ജീവിതം എല്ലാ മനുഷ്യർക്കും ഒന്നേയുള്ളൂ എന്ന് അറിയാമല്ലോ.  മനുഷ്യർ കടന്നു വരുന്ന വഴികൾ അത്ര നല്ല സുഖമുള്ളതായിരിക്കുകയില്ല. നടന്നു തീർക്കാനുള്ള വഴികളും ശുഭകരമാകുമോ അശുഭകരമാകുമോ എന്നും പറയാൻ പറ്റത്തില്ല. ആരോഗ്യം ഉള്ള സമയത്ത് എന്തും ചെയ്യാനും സഹിക്കാനുള്ള കരുത്ത് ഉണ്ടാവും.

പ്രായമേറെ ചെല്ലുമ്പോൾ പഴയകാലത്തെ പോലെ എടുത്തുചാട്ടം ഒന്നുമുണ്ടാകാതെ പക്വതയോടെ പെരുമാറും. ഈ പക്വത ആയകാലത്ത് ഉണ്ടായിരുന്നുവെങ്കിൽ എല്ലാ മനുഷ്യരും ദേവ തുല്യരായി  മാറിയേനെ എന്ന് അറിയാതെ നമ്മൾ പറഞ്ഞു പോകും. ചില മനുഷ്യർക്ക് അവർ നേരിടുന്ന വിഷമങ്ങൾ താങ്ങാനാവാത്തതാണ്.

സന്തോഷം ഉണ്ടാകുമ്പോൾ അതിൽ  ആഹ്ലാദിക്കുന്നത് പോലെ സങ്കടങ്ങൾ ഉണ്ടായാൽ സൗമ്യതയോടെ അതിനെ നേരിടാൻ പലർക്കും കഴിയാതെ വരുന്നു. കീറി മുറിക്കുന്ന വേദനകൾ ഉണ്ടാവും. അപ്രതീക്ഷിതമായ തിരിച്ചടികളിൽ തളർന്നുപോകും. ജീവിതം തന്നെ കൈവിട്ടു പോകുന്നു എന്ന തോന്നൽ ശക്തമാവും. ആത്മ  നൊമ്പരങ്ങൾ പങ്കുവെക്കാൻ ആകാതെ ഉള്ളിൽ കൂടുകൂട്ടും.

ഇത്തരം അവസരങ്ങളിൽ പലരും പൊട്ടിത്തെറിക്കും. അവർ എന്തു ചെയ്യും എന്ന് പറയാനും പറ്റത്തില്ല. എന്നാൽ വളരെ അപൂർവം ചിലർ തങ്ങളുടെ അന്തസ്സിനെയും  അഭിമാനത്തെയും  ആഭിജാത്യത്തെയും  മറ്റുള്ളവരുടെ മുന്നിൽ തട്ടി കളിക്കാൻ വിട്ടുകൊടുക്കാറില്ല. എത്ര വിഷമിച്ചാലും വേദനിച്ചാലും അവരുടെ സമാധാനപരമായ, സൗമ്യമായ സമീപനങ്ങളിലൂടെ തങ്ങളിൽ ഏൽപ്പിച്ച മുറിവിന്റെ വേദനകളെ ഒളിപ്പിച്ച്, തങ്ങളുടെ സ്വത്വത്തെ ഉയർത്തിപ്പിടിക്കുന്നത് കാണാം.

സുഭാഷ് ടിആർ

Tags

Share this story

From Around the Web