"മറ്റുള്ളവർ അത് കാണുന്നുണ്ടെങ്കിൽ പോലും നിങ്ങൾ കാണുന്നത് പോലെ ആരും കാണുന്നില്ല" ഇന്നത്തെ ചിന്താവിഷയം
മനുഷ്യർ ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തരായിരിക്കുന്ന പോലെയാണ് ഓരോരുത്തരുടെയും ചിന്തകളും കാഴ്ചപ്പാടുകളും എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഭൂമിയിൽ ജന്മമെടുത്ത എല്ലാ മനുഷ്യരുടെയും ശരീരശാസ്ത്രം ഒന്നുതന്നെയല്ലേ. വിവിധ ദേശങ്ങളിലും, രാജ്യങ്ങളിലും, പാർക്കുന്ന മനുഷ്യരുടെ ആഹാര രീതികളും സ്വഭാവവും എല്ലാം വ്യത്യാസമുണ്ടെങ്കിലും അവരെല്ലാം ശ്വസിക്കുന്ന വായു ഒന്നുതന്നെ, ഉപയോഗിക്കുന്ന ജലത്തിൻ്റെ ഘടനയും ഒന്ന് തന്നെ.
എന്നാൽ എല്ലാവരും ഒരു വസ്തുതയെ, ഒരു കാഴ്ചയെ നോക്കിക്കാണുന്നത് വിഭിന്ന രീതികളിലാണ്. ആളുകൾ കാണുന്ന ഒരേ കാഴ്ചകൾ, സിനിമയോ നാടകമോ പ്രകൃതി ഭംഗിയൊ സാമൂഹ്യ ജീവിതത്തിലെ സംഭവങ്ങളോ ജനങ്ങളെ ബാധിക്കുന്ന വിഷയമോ മറ്റ് എന്തുതന്നെയായാലും ഒരാൾ കാണുന്ന രീതിയിലോ, സമീപിക്കുന്ന രീതിയിലോ, വിശകലനം ചെയ്യുന്ന രീതിയിലോ ആയിരിക്കുകയില്ലല്ലോ മറ്റെല്ലാവരും ചെയ്യുന്നത്.
എല്ലാവരും ഒരേപോലെ ചിന്തിക്കുകയും ഒരേ കാഴ്ചകൾ കാണുകയും ചെയ്താൽ ഈ ലോകം ഇത്ര വികസിക്കുമായിരുന്നില്ല, ഇത്രയും പുരോഗതി പ്രാപിക്കുമായിരുന്നില്ല എന്നും അറിയാമല്ലോ. കാഴ്ച കണ്ണുകളുടെ മാത്രമല്ല. നമ്മുടെ മനസ്സും, കഴിഞ്ഞകാല അനുഭവങ്ങളും സംസ്കാരവും വിചാര വികാരങ്ങളും ആശങ്കയും എല്ലാം ഉൾപ്പെട്ടതാണ്. മനുഷ്യന്റെയും പ്രകൃതിയുടെയും ഭൂമിയുടെ നിലനിൽപ്പിന്റെ ആധാരം ഈ വ്യത്യസ്തമായ വീക്ഷണകോണുകളാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
കലയും സാഹിത്യവും ചിത്രങ്ങളും കാർട്ടൂണുകളും വൈവിധ്യങ്ങളാകുന്നത് വ്യത്യസ്തമായ കാഴ്ചകളുടെ ഫലമാണ്. ഓരോരുത്തരുടെയും ജീവിതമാണ് അവരവരുടെ കാഴ്ചകളും കാഴ്ചപ്പാടുകളും. അതുകൊണ്ടാണ് നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും നമ്മുടെ മാത്രമാകുന്നത്. ഓരോരുത്തരും കാണുന്ന കാഴ്ചകൾ അവരുടെ ഉള്ളിലെ ലോകത്തിൻ്റെ പ്രതിഫലനമാണ് എന്നോർത്ത് അവയെ ബഹുമാനിക്കുക