"സമാനതകളെ ആസ്വദിക്കുക, വൈജാത്യങ്ങളെ അംഗീകരിക്കുക. സുദൃഢമായ ബന്ധങ്ങളുടെ പുറകിലുള്ള സുത്ര വാക്യം ഇതാണ്"ഇന്നത്തെ ചിന്താവിഷയം

ഏതുതരത്തിലുള്ള ബന്ധങ്ങളായാലും അത് അഭംഗുരം തുടരുന്നത് പരസ്പരമുള്ള വിട്ടുവീഴ്ചകളാൽ ആയിരിക്കും. നമ്മളൊക്കെ കുട്ടികൾ ആയിരിക്കുന്ന സമയത്ത് നമ്മൾ കണ്ടിട്ടുള്ള ചില സുഹൃത്ത് ബന്ധങ്ങൾ നമ്മൾ മുതിർന്നപ്പോഴും അത് തുടരുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നാറില്ലേ. നമുക്ക് ഓരോരുത്തർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
യുവതീ യുവാക്കൾക്കിടയിലെ സ്നേഹബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കുന്നത് വളരെ കുറച്ച് ആയിരിക്കും. നല്ല സ്വഭാവങ്ങളും സ്വഭാവ ദൂഷ്യങ്ങളും പരസ്പരം മനസ്സിലാക്കി വരുമ്പോൾ ഒന്നുകിൽ ആ ബന്ധങ്ങൾ ശാശ്വതമാകും അല്ലെങ്കിൽ വേർപിരിയും. വിവാഹത്തിനു മുമ്പാണെങ്കിൽ അത് രണ്ടുപേർക്കും നല്ലതാണ്.
വിവാഹ ശേഷമാണ് വേർപിരിയൽ എങ്കിൽ വലിയ ദുഃഖങ്ങളിലായിരിക്കും കലാശിക്കുക. ഒരു പാത്രത്തിൽ ഒന്നിച്ചുണ്ട്, ഒരു പായിൽ ഒന്നിച്ചുറങ്ങിയ സുഹൃത്തുക്കൾ മറ്റൊരു സുപ്രഭാതത്തിൽ രണ്ടു വഴിക്ക് പോകുന്നത് കാണാം.
ഒന്നിച്ച് ഒരു സംരംഭത്തിൽ മുതൽമുടക്കിയവർ ഒരു സുപ്രഭാതത്തിൽ കേസും വക്കാണവുമായി നടക്കുന്നതും കാണാം. രാഷ്ട്രീയപാർട്ടികളിൽ പോലും ഇതുപോലുള്ള ഭിന്നതകളും കൂടിച്ചേരലുകളും അനസ്യൂതം നടക്കുന്നുണ്ട്.
"വളരുംതോറും പിളരുകയും, പിളരുംതോറും വളരുകയും" ചെയ്യുന്ന പാർട്ടിയെക്കുറിച്ച്, അതിന്റെ നേതാക്കൾ തന്നെ പറയുന്നത് നമ്മൾ കേട്ട് രസിച്ചിട്ടില്ലേ. രാഷ്ട്രീയപാർട്ടികളിലുണ്ടാകുന്ന വേർപിരിയലുകൾ, അത് നേതാക്കൾക്കും പ്രവർത്തകർക്കും വേദന ഉണ്ടാക്കുന്നതാണ് എങ്കിൽ കൂടി അതിനെ നർമ്മത്തോടെ നോക്കി കാണാൻ അസാമാന്യ മനക്കരുത്ത് ഉള്ളവർക്ക് മാത്രമേ കഴിയൂ.
ഇതൊക്കെ ചില ഉദാഹരണങ്ങളായി എടുത്തു പറഞ്ഞെന്ന് മാത്രം. സുദീർഘമായ ബന്ധങ്ങൾ ഉണ്ടാകണമെങ്കിൽ സമാനതകളെ ഒന്നിച്ച് ആസ്വദിക്കുക. അഭിപ്രായവ്യത്യാസങ്ങളെയും വൈജാത്യങ്ങളെയും ഭിന്ന സ്വരങ്ങളെയും അംഗീകരിക്കുക. പരമാവധി വിട്ടുവീഴ്ചകൾ പരസ്പരം ചെയ്യുക. എല്ലാതരത്തിലുള്ള കൂട്ടുകെട്ടുകളും ബന്ധങ്ങളും ദീർഘകാലം നിലനിൽക്കാനുള്ള സൂത്രവാക്യമാണിത്.
സുഭാഷ് ടിആർ