"കൃപയുടെ ഉറവയിൽ നിന്ന് കോരിയെടുക്കുക; വിശ്വാസം സ്ഥിരതയിലേക്ക്, സ്നേഹം ആലിംഗനം ചെയ്യാൻ, സമാധാനം ആത്മാവിനെ ശാന്തമാക്കാൻ" ഇന്നത്തെ ചിന്താവിഷയം
മനുഷ്യജീവിതം പലപ്പോഴും പ്രതിസന്ധികളുടെയും നിരാശയുടെയും കാറ്റും കോളും നിറഞ്ഞ ഒരു കടലിനെ പോലെയല്ലേ. ജീവിത യാത്രയിൽ നമ്മുടെ മനസ്സിനെ പിടിച്ചുനിർത്താൻ നമുക്ക് നേരായ വഴികൾ തുറന്നു കിട്ടേണ്ടതുണ്ട്. "കൃപയുടെ ഉറവയിൽ നിന്ന് കോരിയെടുക്കുക" എന്ന ഉദാരമായ, ആശ്വാസ വാക്കുകൾ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നതല്ലേ.
പ്രപഞ്ചത്തിന്റെയും പ്രപഞ്ച നാഥന്റെയും കരുണയിൽ നിന്നാണ് തകർച്ചയെ അതിജീവിക്കാനുള്ള ഊർജ്ജം ലഭിക്കുന്നത്. ഒരു വ്യക്തിയുടെ ആത്മീയവും മാനസികവുമായ പുനരുത്ഥാനത്തിനായി അവനിൽ പ്രതീക്ഷയുടെ വെളിച്ചവും, സ്ഥിരവും ഉറച്ചതുമായ വിശ്വാസവും, ചേർത്തുപിടിക്കുന്ന സ്നേഹവും, മനസ്സിനെ ശാന്തമാക്കുന്ന ദൈവീക സമാധാനവും ഉണ്ടായേ മതിയാവൂ.
കൂരിരുൾ താഴ് വരയിൽ കൂടി നടക്കുമ്പോഴും ഒരു കൈത്തിരി വെളിച്ചത്തിലാണ് പ്രതീക്ഷ. ആ പ്രതീക്ഷയാണ് നാളെകളെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം നൽകി വഴികളിൽ പ്രകാശം വിതറുന്നത്. ആ പ്രകാശമാണ് പ്രതിസന്ധികളിൽ അടിപതറാതെ നമ്മെ ഉറപ്പിച്ചു നിർത്തുന്ന ശക്തമായ വിശ്വാസവും. ഏതു വേദനയും, എത്ര വലിയ മുറിവും ഇല്ലാതാക്കുന്നത് ആത്മാർത്ഥമായ സ്നേഹമാണ്.
നമ്മളെ തന്നെയും, സമൂഹത്തെയും സ്നേഹത്തോടെ ചേർത്ത് നിർത്തിയാൽ ജീവിതം കൂടുതൽ സുന്ദരമാകുന്നത് അനുഭവിച്ചറിയാം. ഉറച്ച വിശ്വാസത്താലും സ്നേഹത്താലും പ്രതീക്ഷകൾ പുത്തുലയുമ്പോൾ സംഘർഷഭരിതമായ മനസ്സിനുള്ളിൽ ശാന്തത തനിയെ അനുഭവപ്പെടും. മനസ്സിനെ ശാന്തമാക്കുന്നതിനൊപ്പം ജീവിക്കാനുള്ള ശക്തിയും നൽകും.
സുഭാഷ് ടിആർ