"ഒരാളെ വിലയിരുത്താൻ നിങ്ങളുടെ മുൻവിധികളെ കാരണമായി ഉപയോഗിക്കരുത്"ഇന്നത്തെ ചിന്താവിഷയം

ഒരാളെ എങ്ങനെയാണ് നമ്മൾ വിലയിരുത്തുന്നത്.? ആ വ്യക്തിയെ കുറിച്ചുള്ള കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണോ, അല്ലെങ്കിൽ ആ വ്യക്തിയെ കാണുന്ന മാത്രയിൽ തന്നെ മനസ്സിൽ തോന്നുന്ന സംശയങ്ങളാൽ ആണോ, അതോ അദ്ദേഹവുമായുള്ള നിരന്തര സമ്പർക്കത്തിൽ നിന്നും നേരിട്ട് ലഭിക്കുന്ന അനുഭവങ്ങളിൽ നിന്നാണോ.?
ഒരു വ്യക്തിയെ കുറിച്ചുള്ള മുൻവിധികൾ പലപ്പോഴും തെറ്റാറുണ്ട് എന്നതാണ് പലരുടെയും അനുഭവം. നമ്മൾ ആ ആളെക്കുറിച്ച് ഇങ്ങനെയൊക്കെ മോശമായാണല്ലോ ചിന്തിച്ചിരുന്നത് എന്ന് ആ വ്യക്തി അറിഞ്ഞാൽ അദ്ദേഹത്തിണ്ടാകുന്ന വിഷമത്തെ ആരെങ്കിലും ഓർക്കുമോ.
നമ്മളുടെ ഉള്ളിൽ ഒരു കുറ്റബോധം എന്നും മായാതെ കിടക്കുകയും ചെയ്യും. ഒരാളുടെ ബാഹ്യമായ രൂപവും ഭാവവും ഘടനയും ഒന്നും കണ്ടിട്ടായിരിക്കരുത് അയാളെ കുറിച്ച് അഭിപ്രായങ്ങൾ രൂപീകരിക്കേണ്ടത്.
മുൻവിധികളെ ഉപയോഗിച്ച് ഒരാളെ വിലയിരുത്താൻ പോയാൽ പലപ്പോഴും നമുക്ക് തീർത്താൽ തീരാത്ത കുറ്റബോധം ഉണ്ടാവും. എല്ലാ മനുഷ്യരിലും നന്മയും തിന്മയും കൂടപ്പിറപ്പായി ഉണ്ടാവും എന്നോർത്താൽ മതി.
"നീ എനിക്ക് വിലയേറിയനും ബഹുമാന്യനും പ്രിയങ്കരനും ആണ്" (ഏശയ്യാ 43:4)
സുഭാഷ് ടിആർ