"നിങ്ങളുടെ കുട്ടികളെ സമ്പന്നരാക്കാൻ പഠിപ്പിക്കരുത്. ആഹ്ലാദത്തോടെ ആയിരിക്കാൻ പഠിപ്പിക്കുക. അവർ വളരുമ്പോൾ വസ്തുക്കളുടെ വിലയേക്കാൾ മൂല്യത്തെ മനസ്സിലാക്കാൻ പഠിക്കും" ഇന്നത്തെ ചിന്താവിഷയം

 
family

ലോകം വളർന്ന് വലുതാകുംതോറും  മാനുഷിക മൂല്യങ്ങൾക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പണത്തിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു സമൂഹമായി നാം മാറിയിരിക്കുന്നു.

അധികാരം നിലനിർത്താൻ മ്ലേച്ഛവും ഹീനവുമായ ഏതു മാർഗ്ഗം സ്വീകരിക്കാനും മടിയില്ലാത്ത ആളുകളായി  മാറിയിരിക്കുന്നു. സന്മാർഗ ചിന്തകൾക്കും സന്മാർഗ പഠനത്തിനും ഇന്ന് ഒരാളും വില കൽപ്പിക്കുന്നില്ല.  സന്മാർഗ ചിന്തകൾ പഠിപ്പിക്കാനുള്ള അവസരം പോലും  നിഷേധിച്ച് തലമുറകളെ  നിർബന്ധിത മൂല്യശോഷണത്തിന് വിധേയരാക്കുകയല്ലേ.

ഫലമോ, ചരട് പൊട്ടിയ പട്ടം പോലെ പുതിയ തലമുറ അലഞ്ഞു തിരിയുകയാണ്. ആരെയും അനുസരിക്കാൻ കൂട്ടാക്കാത്ത മക്കളെ ഓർത്ത് മാതാപിതാക്കൾ അഭിമാനിക്കുകയാണോ എന്ന് തോന്നിപ്പോവുകയാണ്. കാരണം, കൗമാരം വിട്ടു മാറാത്ത കുട്ടി ക്രിമിനലുകൾ വിദ്യാലയങ്ങളിലെ ഇടനാഴികളിലും  പൊതുസ്ഥലങ്ങളിലും  അക്രമാസക്തരാകുന്നത് നിത്യ കാഴ്ചയായി മാറുന്നു.

മാതാപിതാക്കളെ പോലും ബഹുമാനിക്കാത്ത, വകവക്കാത്ത ഒരു തലമുറയെ രൂപപ്പെടുത്തി എടുത്ത കൗശലക്കാർക്ക് മുന്നിൽ അടിയറവ് പറയേണ്ടി വരുന്ന സമൂഹത്തിന്റെ ഗതികേട് ഓർത്തു നോക്കൂ. നിങ്ങളുടെ മക്കൾ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ഇരിക്കുന്നത് കാണുന്നതാണല്ലോ നിങ്ങൾക്കും സന്തോഷം. അവർ ഉല്ലസിച്ച്  നടക്കുമ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കാറില്ലേ, സമാധാനിക്കാറില്ലേ. കുട്ടികളെ ധനവാന്മാരാക്കാനല്ല പഠിപ്പിക്കേണ്ടത് എന്ന് തോന്നുന്നു.

പണവും സ്ഥാനമാനങ്ങളും ഒക്കെ അവരെ തേടി വരണമെങ്കിൽ അവർ സന്തോഷചിത്തരാവണം. അത് അവരിൽ എന്നും ആത്മവിശ്വാസം നിലനിർത്തും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ അവർക്ക് പ്രാപ്തിയുണ്ടാവും. നേരിന്റെ വഴിയെ, നന്മയുടെ പാതയിലൂടെ നിങ്ങളുടെ മക്കൾ സഞ്ചരിക്കുമ്പോൾ നിങ്ങൾ അഭിമാനം കൊള്ളുകയും ചെയ്യും.

മറ്റൊന്നും കൊണ്ടല്ല, അവരുടെ വളർച്ചയുടെ ഓരോ പടവുകളിലും, അവർ കാണുന്ന വസ്തുക്കളിലും, അവർ പെരുമാറുന്ന സമൂഹത്തിലും, അതാതിന്റെ വിലയേക്കാൾ മൂല്യത്തിന് ആയിരിക്കും പ്രാധാന്യം കൊടുക്കുന്നത്. കുടുംബ ബന്ധങ്ങളിലും, സാമൂഹ്യബന്ധങ്ങളിലും ഉള്ള മൂല്യത്തെ മനസ്സിലാക്കിയാൽ നിങ്ങളുടെ വീടും, നിങ്ങളുടെ ചുറ്റുപാടും, സമൂഹവും, രാജ്യവും രക്ഷപ്പെടും.

സുഭാഷ് ടിആർ

Tags

Share this story

From Around the Web