"തമാശയായിട്ട് പോലും നിങ്ങൾ തന്നെ, നിങ്ങൾക്കെതിരായി സംസാരിക്കരുത്; വാക്കുകൾ ഊർജ്ജമുള്ളതാണ്"ഇന്നത്തെ ചിന്താവിഷയം

മനുഷ്യ ജീവിതം, ജനനം മുതൽ മരണം വരെയുള്ള ഒരു മാരത്തോൺ ഓട്ടമാണ് എന്ന് പറയാമല്ലോ. ഈ ഈ ഓട്ടത്തിനിടയിൽ എല്ലാവരും ലക്ഷ്യസ്ഥാനത്ത് എത്താറില്ല എന്നും അറിയാമല്ലോ. ഓട്ടം തുടങ്ങുമ്പോൾ തന്നെ തളരുന്നവരും, ഓട്ടത്തിനിടയിൽ വീണു പോകുന്നവരും, പിന്മാറുന്നവരും, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകുന്നവരും ഉണ്ട്.
ഒപ്പം ഓടുന്നവരെ ചവിട്ടി വീഴ്ത്തി, കുതികാൽ വെട്ടി, തള്ളി വീഴ്ത്തി അവരെ ചവിട്ടി മെതിച്ച് പായുന്നവരും ഈ കൂട്ടത്തിൽ ഉണ്ടാവും. മനുഷ്യ ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കാത്തവർ ആരാണുള്ളത്. ഒരു വീഴ്ച സംഭവിക്കുമ്പോൾ മറ്റുള്ളവർ നമ്മളെ കുറ്റപ്പെടുത്തിയേക്കാം.
അന്യരുടെ കുറ്റപ്പെടുത്തലുകൾ പേടിച്ച് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിക്കുമ്പോൾ, സ്വയം അപഹസിച്ചും കുറ്റപ്പെടുത്തിയും പറയുന്നത് കേൾക്കാം.
"ഞാൻ ഒരു നികൃഷ്ട ജന്മം ആയിപ്പോയി, ഇങ്ങനെ ഞാൻ ജനിക്കണ്ടായിരുന്നു, എല്ലാം എൻ്റെ തലവിധി, ഞാൻ ഒന്നിനും കൊള്ളരുതാത്തവനാണ് അല്ലെങ്കിൽ കൊള്ളരുതാത്തവളാണ്, എൻ്റെ ജീവിതത്തിൽ ഒരു നല്ല കാര്യം പോലും നടക്കുകയില്ല, ഞാനെന്തു ചെയ്താലും ശരിയാകത്തില്ല.
" എന്നൊക്കെ സ്വയം പഴിച്ച് പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഒരുപക്ഷേ നമ്മുടെ മക്കളോ, സഹോദരങ്ങളോ, മാതാപിതാക്കളോ, സുഹൃത്തുക്കളോ ഒക്കെ ആകാം ഇവർ. ഇങ്ങനെ അവർ സ്വയം പറയുമ്പോൾ തകരുന്നത്, അത് കേട്ട് നിൽക്കുന്ന നമ്മുടെ മനസ്സല്ലേ. ഓരോരുത്തർക്കും നല്ലത് മാത്രം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന സുമനസ്സുകളെ സംബന്ധിച്ചിടത്തോളം ഇത്തരം വാക്കുകൾ അവരെ വല്ലാതെ പൊള്ളിക്കും. വിഷമങ്ങൾ വരുമ്പോൾ സ്വയം കുറ്റപ്പെടുത്തുക അല്ലാതെ മറ്റെന്താണ് പോംവഴി എന്ന് ഇവർ ചോദിക്കാറുമുണ്ട്.
എന്നാൽ ഇത്തരം വിപരീത വാക്കുകൾ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നാൽ അത് അവരെ വലിയ പരാജയങ്ങളിലേക്ക് കൊണ്ടുപോയി എത്തിക്കും. കാരണം വാക്കുകൾക്ക് എപ്പോഴും ശക്തിയുണ്ട്.
അതുകൊണ്ടാണല്ലോ നിരന്തരമായി ചെയ്യുന്ന പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകുന്നത്. എപ്പോഴും നല്ലത് ചിന്തിക്കുക, നല്ലത് പറയുക. മറ്റുള്ളവരെക്കുറിച്ച് ആയാലും, നമ്മളെക്കുറിച്ച് ആയാലും ഒരിക്കലും വിപരീതമായി സംസാരിക്കാതിരിക്കുക.
സുഭാഷ് ടിആർ