"ഈ ലോകത്ത് ആരെയും അധികം ആശ്രയിക്കരുത്; നിങ്ങൾ ഇരുട്ടിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ നിഴലുകൾ പോലും നിങ്ങളെ വിട്ടുപോകും"ഇന്നത്തെ ചിന്താവിഷയം

എത്ര അർത്ഥവത്തായ ഓർമ്മപ്പെടുത്തലാണ് ഇത്. മനുഷ്യർ എല്ലാവരും തന്നെ പല കാര്യങ്ങളിലും പരസ്പരം ആശ്രയിക്കാറുണ്ട്. മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന അനേകം അവസരങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ പല ഘട്ടങ്ങളിലും ഉണ്ടാവാറുമുണ്ട്.
പരസ്പരം കൊടുത്തും വാങ്ങിയും ആണ് മനുഷ്യർക്ക് ശീലം. ഇത് പറയുമ്പോൾ രസകരമായ ഒരു കാര്യം ഓർമ്മയിൽ വരുന്നു. അയൽവക്കത്ത് നിന്നും അടുപ്പ് കത്തിക്കാനായി തീ വാങ്ങി കൊണ്ടുപോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
തീക്കനൽ നിറച്ച ചകിരി മടലുകൾ, പുക അന്തരീക്ഷത്തിൽ പരത്തിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരുന്ന സന്ധ്യാവേളകൾ. ഇത്തരം ചെറിയ കാര്യങ്ങൾക്ക് പോലും മനുഷ്യർ പരസ്പരം ആശ്രയിച്ചിരുന്നു.
കാലം മാറിയപ്പോൾ എല്ലാത്തിനും മാറ്റങ്ങൾ ഉണ്ടായി. മനുഷ്യരിലെ നിഷ്കളങ്കത എവിടെയോ നഷ്ടപ്പെട്ടപ്പോൾ സ്വാർത്ഥത അവിടെ കയറി പാർത്തു. തന്നെ ആശ്രയിക്കാൻ വരുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാം, അല്ലെങ്കിൽ എങ്ങനെ മുതലാക്കാം എന്ന ചിന്തയുള്ളവരായി മാറിയിരിക്കുന്നു മനുഷ്യർ.
അവിടെ ബന്ധങ്ങൾക്ക് സ്ഥാനമില്ല. എല്ലാത്തിലും കച്ചവടക്കണ്ണ് വെച്ചാണ് മനുഷ്യർ ഇടപെടുന്നത്. ഇനി ആരെയെങ്കിലും നമ്മൾ കൂടുതൽ ആശ്രയിച്ചാൽ ജീവിതകാലം മുഴുവൻ അവരുടെ അടിമയായി മാറാം. ദുർബ്ബലരും നിസ്സഹായരുമാണല്ലോ മറ്റുള്ളവരെ എപ്പോഴും ആശ്രയിക്കുന്നത്.
അവരുടെ ബലഹീനത പല രീതിയിൽ മുതലെടുക്കാൻ ആണ് ഇത്തരക്കാർ ശ്രമിക്കുന്നത്. നമ്മുടെ നിഴലിനെ പോലും ചിലപ്പോൾ വിശ്വസിക്കാൻ പറ്റത്തില്ല. കാരണം നമ്മുടെ കൂടെയുള്ളത് എപ്പോഴും നമ്മുടെ തന്നെ നിഴലാണ്.
എന്നാൽ നമ്മൾ ഇരുട്ടിൽ ആയിരിക്കുമ്പോൾ നിഴലും നമ്മളെ വിട്ടു പോകും. അതിനാൽ ഈ ലോകത്ത് ആരെയും അധികമായി ആശ്രയിക്കാതിരിക്കുക.
സുഭാഷ് ടിആർ