"നിങ്ങളുടെ സന്തോഷം മാറ്റിവെക്കരുത്. ഭാവിയിൽ സന്തോഷവാനായിരിക്കാൻ കാത്തിരിക്കരുത്. സന്തോഷവാനായിരിക്കാൻ ഏറ്റവും നല്ല സമയം ഇപ്പോൾ ആണ്"ഇന്നത്തെ ചിന്താവിഷയം 
 

 
happy

ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നത് അവരവർ തന്നെയാണല്ലോ. കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവർ നമ്മളെ ആശ്ചര്യപ്പെടുത്താറില്ലേ. നിസ്സാരം എന്ന് നമുക്ക് തോന്നുന്ന പല കാര്യങ്ങളിലും ആയിരിക്കും മറ്റുള്ളവർ സന്തോഷിക്കുന്നത്.  സമാധാനവും സന്തോഷവും തേടി നടക്കുന്ന ഒട്ടനവധി ആളുകളുണ്ട്.

നമ്മുടെ ചിന്തകൾ ആണല്ലോ നമ്മളെ ശരിയായ പാതയിലും, തെറ്റായ വഴികളിലും നടത്തുന്നത്. ഒരു നിമിഷം നമ്മൾ എടുക്കുന്ന തീരുമാനം തെറ്റിയാൽ വലിയ വില കൊടുക്കേണ്ടി വരും. ഒന്നല്ല നൂറുവട്ടം ആലോചിച്ചു വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കുവാൻ. കാരണം ഇത് ജീവിതമാണ്.

നമുക്ക് ചുറ്റും പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ട് എന്ന് തന്നെ വിചാരിച്ചു കൊണ്ട് വേണം ഓരോ കാര്യങ്ങളെയും സമീപിക്കാൻ. ആ ബോധം ഉണ്ടായാൽ എവിടെയെങ്കിലും ഒരു പാകപ്പിഴ സംഭവിച്ചാലും നമ്മൾക്ക് ദുഃഖിക്കേണ്ടി വരില്ല. വരുംവരായ്കകളെ വിശകലനം ചെയ്താണ് പലരും വിജയത്തിലേക്ക് കടന്നിട്ടുള്ളത്. വലിയ കാര്യങ്ങളിൽ വലിയ സന്തോഷമുണ്ടാകുമ്പോൾ, ചെറിയ കാര്യങ്ങളിൽ ഉണ്ടാകുന്ന സന്തോഷവും വലുതു തന്നെയാണ്. അത് ആളുകളുടെ ചുറ്റുപാടും, ആഗ്രഹവും അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം.

അതിനാൽ നിങ്ങളുടെ സന്തോഷം എവിടെയാണോ,  നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്താണോ അത് ഒരിക്കലും മാറ്റി വയ്ക്കാതിരിക്കുക. നാളെ ഉണ്ടായേക്കാവുന്ന സന്തോഷത്തിനായി കാത്തിരിക്കുന്നത് മണ്ടത്തരമാണ്.

നാളെ എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി പ്രവചിക്കാൻ പറ്റത്തില്ല. നാളെയുടെ കാര്യങ്ങൾ മറന്നു കളഞ്ഞ്, ഇന്ന് നിങ്ങൾക്ക് സന്തോഷം ലഭിക്കാനുള്ള കാര്യങ്ങളിൽ വ്യാപൃതരാവുക. കാരണം സന്തോഷവാനായിരിക്കാൻ, സന്തോഷവതിയായിരിക്കാൻ ഏറ്റവും പറ്റിയ സമയം ഇന്നാണ്, ഇപ്പോഴാണ്, ഈ നിമിഷമാണ് എന്ന് ഓർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web