"വലിയ കാര്യങ്ങൾക്കായി നല്ലത് ഉപേക്ഷിക്കാൻ മടിക്കേണ്ട"ഇന്നത്തെ ചിന്താവിഷയം 
 

 
man thoghts

വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നത് പലർക്കും സഹിക്കാൻ പറ്റുന്നതല്ല എന്ന് സംശയമില്ലല്ലോ. അനാവശ്യമായ വാശിയും ദുരഭിമാനവും മറ്റുള്ളവരുടെ മുന്നിൽ അടിയറവ് പറയുന്നു എന്ന തോന്നലും ആയിരിക്കാം അവരെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നതും ചെയ്യിക്കുന്നതും. സ്വയം തോറ്റു കൊടുക്കുക എന്നതും  വിജയം തന്നെയാണ്.

അല്ലെങ്കിൽ ചില കാര്യങ്ങളെ ഉപേക്ഷിക്കേണ്ടി വരുന്നതും, മറ്റൊരു തലത്തിലേക്ക് ഉയരുന്നതിനുള്ള ചവിട്ടുപടി ആകാം. ജീവിതത്തിൽ  പുരോഗതി ഉണ്ടാകണമെന്ന് ആഗ്രഹിച്ച ആളുകൾ പലതും ഉപേക്ഷിച്ച് മെച്ചപ്പെട്ടത് നേടിയതാണ്. ചിലർ, അവരുടെ സ്ഥാനമാനങ്ങൾ വരെ വളരെ വിഷമിച്ചായിരിക്കും ത്യജിച്ചത്. എന്നാൽ അവർക്ക് അതിലും വലിയ സ്ഥാനവും ആദരവും ലഭിക്കാനും അത് ഇടയാക്കി. വർഷങ്ങളായി മനസ്സിനിണങ്ങിയ ജോലി ഉപേക്ഷിച്ച് പുതിയ സ്ഥലങ്ങളിലേക്ക്, വിദേശങ്ങളിലേക്ക് ഒക്കെ ആളുകൾ പോകാറില്ലേ. കുടുംബബന്ധങ്ങൾ ഉപേക്ഷിച്ച് മറുനാടുകളിൽ ജോലിക്ക് പോകുന്നവരും ധാരാളമില്ലേ.  

താൽക്കാലികമായ ഉപേക്ഷിക്കൽ ആണെങ്കിലും അവർക്ക് ലഭിച്ചേക്കാവുന്ന നന്മയും, ശോഭനമായ ഭാവിയും പ്രതീക്ഷിച്ച്  ആയിരിക്കുമല്ലോ അവർ അങ്ങനെ ചെയ്യുന്നത്. മലയാളത്തിൽ ഒരു പഴഞ്ചൊല്ലില്ലേ," കക്ഷത്തിൽ ഇരിക്കുന്നത് കളയാനും പറ്റത്തില്ല, ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം" ഇങ്ങനെ ചിന്തിക്കുന്നവർ ഒരുകാലത്തും വളർച്ച പ്രാപിക്കുകയില്ലല്ലോ. ചിലത് നേടാനായി കയ്യിലുള്ളത് നഷ്ടപ്പെടുത്തേണ്ടിവരും.

ഇപ്പോൾ എന്തായിരിക്കുന്നുവോ, അതിൽ നിന്നും  നന്മയിലേക്കുള്ള,  വളർച്ചയിലേക്കുള്ള ഒരു മാറ്റം എല്ലാവർക്കും അനിവാര്യമാണ്.    മഹത്തായ വിജയം നേടാനായി കയ്യിൽ ഇപ്പോഴുള്ള നല്ലതും ചെറിയതുമായ കാര്യങ്ങൾ ഉപേക്ഷിക്കാൻ മടിച്ചാൽ വലിയ കാര്യങ്ങൾ  പ്രാപ്യമാകും. അതേസമയം,  അപ്പുറത്തിരിക്കുന്ന കാര്യം ലഭിക്കുമെന്ന്  ഉറപ്പാക്കിയതിനുശേഷമേ കയ്യിലുള്ളത് കളയാവൂ എന്ന് കൂടി ഓർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web